കാര്‍ റേസിനിടെ അപകടം; അത്ഭുതകരമായി രക്ഷപ്പെട്ട് അലക്സ് പെറോണി

കാര്‍ റേസിനിടെയുണ്ടായ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ഫോര്‍മുല ത്രീ ഡ്രൈവര്‍ അലക്സ് പെറോണി. മോണ്‍സയില്‍ ഫോര്‍മുല വണ്‍ ഇറ്റാലിയന്‍ ഗ്രാന്‍പ്രീയുടെ യോഗ്യതാ റേസിന് തൊട്ടുമുന്‍പ് നടന്ന റേസിലാണ് പത്തൊന്‍പതുകാരനായ ഓസ്‌ട്രേലിയന്‍ ഡ്രൈവര്‍ അലക്‌സ് പെറോണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്.

കാറുകള്‍ അതിവേഗം പായുന്ന പാരാബോളിക്ക് വളവിലെ പുതിയതായി സ്ഥാപിച്ച സോസേജ് കേര്‍ബില്‍ ഇടിച്ച കാര്‍ ഉയര്‍ന്ന് മൂന്നുവട്ടം കരണം മറിഞ്ഞാണ് ട്രാക്കിന്റെ അരികത്തേക്ക് വീണ് തകര്‍ന്നത്. പെറോണി തകര്‍ന്നുപോയ കാറില്‍ നിന്ന് സ്വയം പുറത്തിറങ്ങി. ഓടിയെത്തിയ മെഡിക്കല്‍ സംഘം കാറില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു. വീഴ്ചയുടെ ആഘാതത്തില്‍ പെറോണിക്ക് നട്ടെല്ലിനും തലയ്ക്കും പരുക്കുണ്ട്. കാറിനുള്ളിലെ റോള്‍ കേജാണ് പെറോണിയുടെ ജീവന്‍ രക്ഷിച്ചത്.

ജീവന് ആപത്തില്ലെങ്കിലും പെറോണി രണ്ടാമത്തെ റേസില്‍ പങ്കെടുക്കില്ല. ഈ അപകടം കാരണം ഞായറാഴ്ച നടക്കേണ്ട ഇറ്റാലിയന്‍ ഗ്രാന്‍പ്രീയുടെ മൂന്നാം പ്രാക്ടീസ് റേസ് തുടങ്ങാന്‍ വൈകി. കഴിഞ്ഞ ശനിയാഴ്ചയാണ് ഫോര്‍മുല ടുവിലെ ബെല്‍ജിയം ഗ്രാന്‍പ്രീയില്‍ ഇരുപത്തിരണ്ടുകാരനായ ഫ്രഞ്ച് ഡ്രൈവര്‍ അന്തോയ്ന്‍ ഹ്യൂബര്‍ട്ട് റേസിനിടെയുള്ള അപകടത്തില്‍പ്പെട്ട് മരിച്ചത്. മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Top