പേവിഷ വാക്‌സിൻ; സഭയിൽ ആരോഗ്യമന്ത്രിയെ തിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: പേവിഷബാധക്കെതിരായ വാക്സിൻ സുരക്ഷിതമാണെന്ന ആരോഗ്യമന്ത്രി വീണജോർജിന്റെ നിലപാട് നിയമസഭയിൽ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രലാബ് പരിശോധിച്ച് അനുമതി നൽകിയ വാക്സിനുകളാണ് വിതരണം ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ.പൊതുജനങ്ങളുടെ ആശങ്ക പരിഗണിച്ച് വാക്സിന്റെ ഗുണനിലവാരം ഒരു ഉന്നതതല സമിതി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. വാക്സിൻ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനം പോലും സംസ്ഥാനത്തില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി .

സംസ്ഥാനത്ത് തെരുവ് നായശല്യം കാരണം ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും ഗുണനിലവാരമില്ലാത്ത വാക്സിൻ കേരളത്തിലേക്ക് കൊണ്ട് വരുന്നുണ്ടെന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടിയ പി.കെ ബഷീർ ആരോപിച്ചു. എന്നാൽ പ്രതിപക്ഷ ആരോപണങ്ങൾ തള്ളിയ ആരോഗ്യമന്ത്രി വാക്സിൻ ഗുണനിലവാരമുള്ളതാണെന്ന് വിശദീകരിച്ചു. നാഡീവ്യൂഹം കൂടുതലുള്ള ഭാഗത്ത് കടിയേറ്റാൽ വൈറസ് വേഗത്തിൽ തലച്ചോറിലെത്തും അത് കൊണ്ടാണ് വാക്സിൻ എടുത്തവരും മരണപ്പെടുന്നതെന്നും വീണ ജോർജ് പറഞ്ഞു.

എന്നാൽ വാക്സിൻ ഗുണനിലവാരമുള്ളതാണെന്ന് ആരോഗ്യമന്ത്രിയുടെ വാദത്തെ തള്ളുന്ന മുഖ്യമന്ത്രി, പൊതുജനങ്ങളുടെ ആശങ്ക പരിഗണിച്ച് ഇക്കാര്യം ഉന്നതതല സമിതിയെ വച്ച് പരിശോധിപ്പിക്കണമെന്ന് നിലപാട് എടുത്തു.

Top