R Shankar’s statue unveiling ceremony

കൊല്ലം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ നാടകം.

പാര്‍ട്ടിക്കകത്തും പ്രതിപക്ഷത്തു നിന്നും ആക്രമണമേറ്റു വാങ്ങുന്ന ഉമ്മന്‍ ചാണ്ടിക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നായകസ്ഥാനം ഉറപ്പിച്ച് നല്‍കാന്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ രാഷ്ട്രീയ കരുനീക്കമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക്‌ പിന്നിലെന്നാണ് സൂചന.

ബിജെപി-എസ്എന്‍ഡിപി യോഗം സഖ്യത്തിനെതിരായ മുഖ്യമന്ത്രിയുടെ നിലപാടിന് മൂര്‍ച്ച പോരെന്നും വെള്ളാപ്പള്ളിയുമായുള്ള ഉമ്മന്‍ ചാണ്ടിയുടെ അടുത്ത ബന്ധമാണ് ഇതിന് കാരണമെന്ന് കോണ്‍ഗ്രസിനകത്തും മുന്നണിക്കകത്തും പോലും അഭിപ്രായമുയര്‍ന്നതും ഇടതുപക്ഷത്തിന്റെ കടന്നാക്രമണവുമെല്ലാം ഉമ്മന്‍ ചാണ്ടിയുടെ നില പരുങ്ങലിലാക്കിയിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിയെ നേതൃസ്ഥാനത്തു നിന്ന് മാറ്റി വിഎം സുധീരനെയോ, രമേശ് ചെന്നിത്തലയെയോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന അഭിപ്രായവും ശക്തമായിരുന്നു.

രാഷ്ട്രീയപരമായ ഈ വെല്ലുവിളി അതിജീവിക്കാന്‍ അടുത്ത സുഹൃത്തു കൂടിയായ വെള്ളാപ്പള്ളി ഒരു ‘കൈ സഹായം’ ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയതായാണ് പറയപ്പെടുന്നത്.

ഉമ്മന്‍ ചാണ്ടിയെ കടന്നാക്രമിച്ച് അസംബ്ലി പോലും മര്യാദയ്ക്ക് നടത്താന്‍ സമ്മതിക്കാത്ത വിഎസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ ദു:ഖം രേഖപ്പെടുത്തുന്നതില്‍ സന്തോഷമുണ്ടെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രതികരണവും രാഷ്ട്രീയ നാടകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന സൂചന നല്‍കുന്നതാണ്.

സരിതയുടെ പേരു പറഞ്ഞ് ഉമ്മന്‍ ചാണ്ടിയെ താഴെ ഇറക്കാന്‍ നോക്കിയവര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകരായി മാറിയതില്‍ സന്തോഷമുണ്ടെന്നും വെള്ളാപ്പള്ളി തുറന്നടിച്ചിരുന്നു.

അതേസമയം വിവാദങ്ങള്‍ കത്തിപ്പടര്‍ന്നിട്ടും മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ വെള്ളാപ്പള്ളി നടേശനും, വെള്ളാപ്പള്ളിയെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിയും രംഗത്തു വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

വെള്ളാപ്പള്ളി നടേശനെ സംബന്ധിച്ച് താന്‍ മുന്‍കൈ എടുത്ത് ഉണ്ടാക്കിയ ഭാരത് ധര്‍മ്മജനസേന പാര്‍ട്ടി ബിജെപിയുമായി കൂട്ടു ചേര്‍ന്ന് മത്സരിച്ചാല്‍ അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് തന്നെ നന്നായി അറിയാം.

മൈക്രോഫിനാന്‍സ് തട്ടിപ്പ്, സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണം എന്നിവയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ മറ്റാരെക്കാളും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാവാനാണ് വെള്ളാപ്പള്ളി ആഗ്രഹിക്കുന്നത്.

വരുന്ന സര്‍ക്കാരിന്റെ ഇക്കാര്യങ്ങളിലെ നിലപാട് വെള്ളാപ്പള്ളിയുടേയും മകന്റെയും നിലനില്‍പ്പിന് തന്നെ നിര്‍ണ്ണായകവുമാണ്.

ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി വിഎസ് ആയാലും പിണറായി ആയാലും അപകടമാവുമെന്നത് മാത്രമല്ല യുഡിഎഫില്‍ നേതൃസ്ഥാനത്ത് വിഎം സുധീരന്‍ വന്നാലും വെള്ളാപ്പള്ളിക്ക് ഭീഷണിയാണ്.

ബദ്ധവൈരികളായ ഈ മുന്നു നേതാക്കളുടേയും സാധ്യത ഒഴിവാക്കാന്‍ കൂടുതല്‍ ശക്തനായി ഉമ്മന്‍ചാണ്ടി തന്നെ രംഗത്ത് വരണമെന്നാണ് വെള്ളാപ്പള്ളി ആഗ്രഹിക്കുന്നത്.

പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ താനും ആര്‍എസ്എസും ഇടപെട്ട് മുഖ്യമന്ത്രിയെ ഒഴിവാക്കിയെന്ന വാര്‍ത്ത വന്നാല്‍, ബിജെപിക്കും ബിജെഡിഎസിനും മുഖ്യശത്രു ഉമ്മന്‍ചാണ്ടിയാണെന്ന പ്രതീതി പൊതുസമൂഹത്തിലും പ്രത്യേകിച്ച് ന്യൂനപക്ഷവിഭാഗത്തിലും ഉണ്ടാകുമെന്നും അത് രാഷ്ട്രീയപരമായി ഉമ്മന്‍ചാണ്ടിക്ക് നേട്ടമാകുമെന്നുമാണ് വെള്ളാപ്പള്ളി കണക്കുകൂട്ടുന്നത്.

മുഖ്യമന്ത്രിക്കെതിരെ അണികളുടെ ഭാഗത്ത് നിന്ന് കടുത്ത പ്രതിഷേധമുണ്ടെന്ന് കാരണമായി പറയുന്നതും ഈ വാദത്തിന് ശക്തി പകരാനാണ്.

മുഖ്യമന്ത്രിയെ ‘അപമാനിച്ച’തിനെതിരെ പ്രതിപക്ഷവും ഭരണപക്ഷവും ഹൈക്കമാന്റടക്കവും ശക്തമായി രംഗത്ത് വന്നിട്ടും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വെള്ളാപ്പള്ളിയെ വിമര്‍ശിച്ച്‌ ഒരു വാക്ക് പോലും പറയാന്‍ തയ്യാറാകാത്തത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്.

അണിയറയില്‍ അരങ്ങേറിയ ‘രാഷ്ടീയ നാടകത്തില്‍’ പ്രതിപക്ഷംപോലും വീണുപോയതാണ് രാഷ്ട്രീയ നിരീക്ഷകരെ ഇപ്പോള്‍ അത്ഭുതപ്പെടുത്തുന്നത്.

വിലക്കോടെ പൊതു സമൂഹത്തിനിടയില്‍ സഹതാപത്തിനിരയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഇനി ബിജെപി -വെള്ളാപ്പള്ളി ബാന്ധവം ആരോപിക്കാന്‍ ഇടത് പക്ഷത്തിനും പാര്‍ട്ടിക്കകത്തെ എതിരാളികള്‍ക്കു പോലും കഴിയില്ലെന്നാണ് എ ഗ്രൂപ്പ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ദേശീയതലത്തിലടക്കം സംഭവം വിവാദമാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് രംഗത്തിറങ്ങിയതിനാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും നായകന്‍ ഉമ്മന്‍ ചാണ്ടിയാകുമെന്നും വിജയം സുനിശ്ചിതമാണെന്നുമാണ് ഗ്രൂപ്പു നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ആര്‍എസ്എസിന്റേയും ബിജെപിയുടേയും വെള്ളാപ്പള്ളിയുടേയും യഥാര്‍ത്ഥ ശത്രു ഉമ്മന്‍ ചാണ്ടിയാണെന്ന് ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്നും വിലക്കിയതിലൂടെ വ്യക്തമായതായും എ ഗ്രൂപ്പ് അവകാശപ്പെടുന്നുണ്ട്.

Top