R shankar statue unveiling

തിരുവനന്തപുരം: ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കിയത് കേരളജനതയെ വേദനിപ്പിക്കുന്ന അനുഭവമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തോടുള്ള അവഹേളനമാണ് ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലുടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനത്തെ ആദ്യത്തെ പരിപാടി എന്ന നിലയിൽ പ്രോട്ടോകോൾ വ്യവസ്ഥകളും സാമാന്യ മര്യാദയും അനുസരിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആ ചടങ്ങിൽ പങ്കെടുക്കേണ്ടതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം…

വിവാദങ്ങളില്‍ നിന്ന് എന്നും അകന്നു നില്ക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. പക്ഷെ വിവാദങ്ങള്‍ ഒരിക്കലും ഉദ്ദേശിക്കാത്ത വിധത്തില്‍ എപ്പോഴും എന്റെ പിന്നാലെയുണ്ട്. ഏറ്റവും ഒടുവില്‍ ഞാന്‍ ഏറ്റവുമധികം ബഹുമാനിക്കുന്ന മുന്‍ മുഖ്യമന്ത്രി ശ്രീ. ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദന പരിപാടി ഉദ്ദേശിക്കാത്ത വിവാദങ്ങളില്‍ എത്തിയത് കൊണ്ടാണ് എന്റെ ദുഃഖം ഞാന്‍ നിങ്ങളോട് പങ്കു വെയ്ക്കുന്നത്.

മരിക്കുന്നത് വരെ ശ്രീ. ആര്‍. ശങ്കര്‍ അടിയുറച്ച കോണ്‍ഗ്രെസുകാരന്‍ ആയിരുന്നു. കോണ്‍ഗ്രസ്സിന്റെ തലമുതിര്‍ന്ന നേതാവ് കെ. പി. സി. സി പ്രസിഡന്റ് ആയി നിര്‍ണ്ണായക ഘട്ടങ്ങളില്‍ പാര്‍ട്ടിയെ നയിക്കുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യ്ത നേതാവായിരുന്നു അദ്ദേഹം.

കേരളത്തിന്റെ പ്രഗത്ഭനായ മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം നമ്മുടെ നാടിന്റെ അഭിമാനം ആണ്. അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദന പരിപാടിയില്‍ പങ്കെടുക്കുവാനുള്ള അവസരം ഒരു ഭാഗ്യമായി ഞാന്‍ കണ്ടിരുന്നു. ക്ഷണിച്ചവര്‍ തന്നെ വരണ്ട എന്ന് പറഞ്ഞപ്പോള്‍ ദുഃഖം തോന്നി. ഇതെന്റെ വ്യക്തിപരമായ കാര്യമല്ല. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു ചടങ്ങില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ ക്ഷണിച്ചതിനു ശേഷം പിന്നീട് പങ്കെടുപ്പിക്കേണ്ട എന്ന് തീരുമാനിച്ചത് കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും വേദനിപ്പിക്കുന്ന അനുഭവമാണ്. ഇത് കേരളത്തോടുള്ള അവഹേളനമാണ്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദ്യമായി കേരളത്തിലെത്തുമ്പോള്‍ ആദ്യത്തെ പൊതു പരിപാടി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് കൂടിയായ മുന്‍ മുഖ്യമന്ത്രിയുടെ പ്രതിമ അനാച്ഛാദന പരിപാടി എന്ന നിലയിലും പ്രോട്ടോകോള്‍ വ്യവസ്ഥകളും, സാമാന്യ മര്യാദയും അനുസരിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആ ചടങ്ങില്‍ പങ്കെടുക്കേണ്ടതാണ്. ഇത് ബി. ജെ. പി യുടെ പാര്‍ട്ടി പരിപാടി ആണെങ്കില്‍ ആര്‍ക്കും പരാതി ഉണ്ടാവില്ല. ജീവിതത്തില്‍ ഒരു നിമിഷം പോലും ജന സംഘത്തിന്റെ നയങ്ങളോടും, ആശയത്തോടും, തത്വ സംഹിതയോടും യോജിക്കാത്ത നേതാവായിരുന്നു ശ്രീ ആര്‍. ശങ്കര്‍. ശ്രീ നാരായണ ഗുരുദേവന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ നേതൃത്വം നല്കിയ മഹാനായ വ്യക്തിത്വം. ശ്രീ നാരായണ ധര്‍മ്മം പരിപാലിക്കുന്നതില്‍ ഒരു വിട്ടു വീഴ്ചയും ഇല്ലാതെ എസ്. എന്‍. ഡി. പിക്കും എസ്. എന്‍ ട്രസ്റ്റിനും നേതൃത്വം നല്കിയ സമുന്നതനായ നേതാവായിരുന്നു ശ്രീ ആര്‍. ശങ്കര്‍. മഹാനായ ആ നേതാവിന്റ്‌റെ പ്രതിമ അനാച്ഛാദന പരിപാടി എങ്ങനെ ബി. ജെ. പി പരിപാടിയാകും? ശ്രീ നാരായണ ഗുരുദേവന്റെ തത്വങ്ങള്‍ പ്രാവര്‍ത്തികമാക്കാനും സാമൂഹ്യ നീതി നടപ്പിലാക്കാനും വേണ്ടി സ്ഥാപിതമായ എസ്. എന്‍. ഡി. പി യോഗത്തെ ബി. ജെ. പിയുടേയും ആര്‍. എസ്. എസ്സിന്റെയും പോഷക സംഘടനയാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ പ്രബുദ്ധരായ ശ്രീ നാരായണീയരും, കേരളീയരും അത് അംഗീകരിക്കുമോ? അത്തരത്തിലുള്ള ഒരു നീക്കം ഉണ്ടെന്നു ഒരു സംശയം ഉയര്‍ന്നപ്പോള്‍ കക്ഷി രാഷ്ട്രീയ സാമുദായിക വ്യത്യാസമില്ലാതെ കേരളം ഒറ്റ കെട്ടായി നില കൊണ്ടത് വര്ഗീയ ശക്തികള്‍ക്ക് ഒരു മുന്നറിയിപ്പാണ്. പ്രബുദ്ധ കേരളത്തിനു അപമാനകരമായ ഇത്തരം സംഭവങ്ങള്‍ തിരിച്ചറിയാനും പരാജയപ്പെടുത്താനും കേരളം ഒറ്റ കെട്ടായി നിലകൊള്ളുക തന്നെ ചെയ്യും.

ഈ വിവാദങ്ങള്‍ക്ക് ഇടയിലും കേരളത്തിലെ പ്രഥമ സന്ദര്‍ശനത്തിന് എത്തുന്ന പ്രധാന മന്ത്രിയെ കേരളത്തിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും യോജിക്കുന്ന വിധത്തില്‍ തന്നെ സ്വീകരിക്കും. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ആദരിക്കുന്നത് ജനാധിപത്യത്തിന്റെ മൂല്യങ്ങളോടുള്ള നമ്മുടെ കടപ്പാട് വ്യക്ത്തമാക്കലാണ്.

ഞാന്‍ ഇന്ന് എറണാകുളത്തു പോയി പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കും. മന്തി ശ്രീ കെ പി മോഹനന്‍ മിനിസ്‌റെര്‍ ഇന്‍ വെയിട്ടിംഗ് ആയി രണ്ടു ദിവസം കൂടി ഉണ്ടായിരിക്കും. നാളെ തിരുവനന്തപുരത്ത് അദ്ദേഹത്തെ യാത്രയാക്കാന്‍ മന്ത്രിമാരോടൊപ്പം ഞാനും ഉണ്ടായിരിക്കും. കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ അദ്ദേഹത്തോട് ചര്‍ച്ച ചെയ്യാന്‍ ഈ അവസരം വിനിയോഗിക്കുകയും ചെയ്യും.

ആര്‍. ശങ്കറിനെ പോലെയുള്ള ഒരു നേതാവിന്റെ പേരിലുള്ള പരിപാടി സംഘ പരിവാറിന്റെ പരിപാടിയാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന ശക്തമായ പ്രതികരണങ്ങളില്‍ എനിക്ക് സന്തോഷമുണ്ട്. എല്ലാവര്‍ക്കും പങ്കെടുക്കുവാന്‍ കഴിയുന്ന രീതിയില്‍ പ്രതിമ അനാച്ഛാദനം നടത്തുന്നതായിരുന്നു അദ്ദേഹത്തിനോടുള്ള ഏറ്റവും വലിയ ആദരവ്. അദ്ദേഹത്തിന്റെ ആത്മാവിന് പോലും പൊറുക്കാന്‍ കഴിയാത്ത, അദ്ദേഹത്തിന്റെ ഓര്‍മ്മകളെ പോലും അധിക്ഷേപിക്കുന്ന നടപടികള്‍ക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിച്ചു. മതേതര കേരളത്തിന്റെ മഹത്വത്തെയോര്‍ത്തു ഞാന്‍ അഭിമാനിക്കുന്നു. നന്ദി… എല്ലാവര്‍ക്കും നന്ദി.

Top