ആര്‍.ശങ്കര്‍ അയോഗ്യനാവാന്‍ സാധ്യത; ലയനത്തിനായി നല്‍കിയ രേഖകള്‍ ഹാജരാക്കി കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടക സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ആര്‍ ശങ്കറും. സ്പീക്കര്‍ അയോഗ്യരാക്കാന്‍ ഒരുങ്ങുന്ന വിമതരുടെ കൂട്ടത്തില്‍ ശങ്കറും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ശങ്കര്‍ സ്വതന്ത്രനല്ലെന്നും ഇയാളുടെ പാര്‍ട്ടിയായ കെ.പി.ജെ.പി. കോണ്‍ഗ്രസില്‍ ലയിച്ചതാണെന്നും കോണ്‍ഗ്രസ് സ്പീക്കറെ അറിയിച്ചതോടെയാണ് തീരുമാനം.

ഭരണപക്ഷത്തുണ്ടായിരുന്ന 20 പേരാണ് ചൊവ്വാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നിരുന്നത്. ഇവരില്‍ മിക്കവരേയും അയോഗ്യരാക്കാനുള്ള നടപടികളാണ് നടന്ന് വരുന്നത്. ജെഡിഎസും കോണ്‍ഗ്രസും തങ്ങളുടെ 16 വിമത എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള കത്ത് സ്പീക്കര്‍ക്ക് കൈമാറിയിട്ടുണ്ട്. ഓരോരുത്തരുടെ അയോഗ്യത നടപടിക്രമങ്ങളും സ്പീക്കര്‍ പരിശോധിച്ച് വരികയാണ്. രമേശ് ജര്‍ക്കിഹോളി, മഹേഷ് കുംത്തിഹള്ളി, ആര്‍.ശങ്കര്‍ എന്നിവരെ അയോഗ്യരാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി.

സ്വതന്ത്ര എംഎല്‍എയാണ് താനെന്നാണ് ആര്‍.ശങ്കര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടിയായ കെ.പി.ജെ.പി. കോണ്‍ഗ്രസില്‍ ലയിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ലയനത്തിനായി ശങ്കര്‍ നല്‍കിയ രേഖകളും കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കൈമാറി.

Top