R Sankar-oommenchandy-vellappally

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിട്ടുനിന്നു. സംഘാടകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റാത്തതില്‍ അതിയായ ദുഖമുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ചില കേന്ദ്രങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുന്‍ മുഖ്യമന്ത്രിയും മുന്‍ കെപിസിസി അധ്യക്ഷനുമായ ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ താന്‍ രണ്ട് നിലക്കും ബാധ്യസ്ഥനാണ്. ആര്‍ ശങ്കര്‍ മുന്‍ മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായിരുന്നു. കൂടാതെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പ്രോട്ടോകോള്‍ പ്രതകാരവും പൊതുമര്യാദ അനുസരിച്ചും പങ്കെടുക്കേണ്ട ഉത്തരവാദിത്തമുണ്ട്. എന്നാല്‍ തന്നെ ക്ഷണിച്ച സംഘാടകര്‍ തന്നെ പുതിയ നിലപാട് സ്വീകരിച്ചതിനാലാണ് തനിക്ക് ഇത്തരമൊരു തീരുമാനം എടുക്കേണ്ടിവന്നത്. പരിപാടിയില്‍ പങ്കെടുക്കാനാകാത്ത സാഹചര്യം പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, കൊച്ചി വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചൊവ്വാഴ്ച്ചയാണ് കൊല്ലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. എസ്എന്‍ഡിപിയാണ് പരിപാടിയുടെ സംഘാടകര്‍.

അതേസമയം, ഇതേകുറിച്ച് പ്രതികരിക്കാനില്ലെന്ന് എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നല്ല കര്‍മം നടക്കാന്‍ പോകുന്ന സമയത്ത് ചര്‍ച്ചയാക്കാന്‍ താല്‍പര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയെ വിലക്കിയ നടപടിക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

Top