സായുധ സേനാ പരിശീലനത്തിനായി ആര്‍.എസ്.എസിന്റെ ആര്‍മി സ്‌കൂള്‍ വരുന്നു

ബുലന്ദേശ്വര്‍: സായുധ സേനകളില്‍ ഉദ്യോഗസ്ഥരാകുന്നതിന് പരിശീലിപ്പിക്കുന്ന ആര്‍മി സ്‌കൂള്‍ ആരംഭിക്കാനൊരുങ്ങി ആര്‍.എസ്.എസ്.അടുത്ത ഏപ്രിലില്‍ സ്‌കൂള്‍ തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വര്‍ ജില്ലയിലുള്ള ശികര്‍പുറിലാകും ആദ്യ സ്‌കൂള്‍. ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാ ഭാരതിക്കാകും ഇതിന്റെ നടത്തിപ്പ് ചുമതല. ആണ്‍കുട്ടികള്‍ക്ക് മാത്രമേ ഈ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനമുള്ളൂ.

സി.ബി.എസ്.ഇ പാഠ്യപദ്ധതിയാകും സ്‌കൂള്‍ പിന്തുടരുക. ഒപ്പം കുട്ടികള്‍ക്ക് പ്രതിരോധ സേനകളില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള പരിശീലനവും നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

ഏപ്രിലില്‍ ആറാം ക്ലാസിലേക്കായി 160 കുട്ടികളെ പ്രവേശിപ്പിച്ചാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം തുടങ്ങുക. വീരമൃത്യുവരിച്ചവരുടെ കുട്ടികള്‍ക്കായി 56 സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ചില റിട്ട.സൈനിക ഓഫീസര്‍മാരും സ്‌കൂളിന്റെ മാര്‍ഗനിര്‍ദേശകരായി ഉണ്ടെന്നാണ് വിവരം.

Top