കണ്ണൂര്‍ വി സി പുനര്‍നിയമനത്തിന് ശുപാര്‍ശ നല്‍കിയത് മന്ത്രി ഡോ.ആര്‍ ബിന്ദു; കത്ത് പുറത്ത്

തിരുവനന്തപുരം: കണ്ണൂര്‍ വി സി പുനര്‍നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദുവിന്റെ കത്ത് പുറത്ത്. അക്കാദമിക് മികവ് നിലനിര്‍ത്താന്‍ ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച് ഗവര്‍ണര്‍ക്കാണ് മന്ത്രി കത്ത് നല്‍കിയത്. വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സേര്‍ച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാര്‍ശ ചെയ്‌തെന്നാണ് പുറത്തുവരുന്ന വിവരം.

കണ്ണൂര്‍ വിസി പുനര്‍നിയമനത്തിന് ഗവര്‍ണറോട് ആവശ്യപ്പെട്ടത് മന്ത്രിയാണെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ഇപ്പോള്‍ കത്ത് പുറത്തുവന്നിരിക്കുന്നത്. വിസിക്ക് പുനര്‍നിയമനം നല്‍കാന്‍ സര്‍ക്കാര്‍ നോമിനിയെ ചാന്‍സലറുടെ നോമിനിയാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലാണ് മന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കിയത്.

ഇതിനിടെ, കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍ നിയമനവുമായി ബന്ധപ്പെട്ട നിയമന രേഖകള്‍ വിളിച്ചു വരുത്തി പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. നിയമവിരുദ്ധ നിയമനം നടത്തിയതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമാണെന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നിയമനരേഖകള്‍ കോടതി പരിശോധിക്കണമെന്നാണാവശ്യം.

കണ്ണൂര്‍ യൂണിവേഴ്സിറ്റി വിസി നിയമനം ചോദ്യം ചെയ്ത് സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രന്‍ കീഴോത്തും അക്കാദമിക് കൗണ്‍സില്‍ അംഗവും നല്‍കിയ ഹര്‍ജി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹര്‍ജിയിലാണ് പരാതിക്കാര്‍ ഇടക്കാല അപേക്ഷ നല്‍കിയത്. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി ഉത്തരവിനായി മാറ്റിയിരുന്നു.

Top