‘രാജ്യാന്തര ക്രിക്കറ്റിൽ അച്ഛന്റെയും മകന്റെയും വിക്കറ്റ് വീഴ്ത്തി’; അപൂർവനേട്ടം സ്വന്തമാക്കി അശ്വിൻ

റൂസോ : വെസ്റ്റിൻ‍ഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്ന ഇന്ത്യയുടെ ‘സ്റ്റിയറിങ്’ നിയന്ത്രിച്ചത് സ്പിന്നർ ആർ.അശ്വിനാണ്. ലോക ഒന്നാം നമ്പർ ടെസ്റ്റ് ബോളറായ അശ്വിന്റെ പ്രകടനമാണ് വിൻഡീസിനെ വെറും 150 റൺസിൽ ഒതുക്കാൻ ഇന്ത്യയെ സഹായിച്ചത്. ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ബെഞ്ചിലിരുത്തിയ ശേഷം പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയ അശ്വിൻ, അഞ്ച് വിൻഡീസ് ബാറ്റർമാരുടെ വിക്കറ്റുകളാണ് വീഴ്ത്തിയത്.

വിൻഡീസിനെതിരായ ആദ്യ മത്സരത്തിൽ ഒരുപിടി റെക്കോർഡുകളും അശ്വിൻ സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റിൽ അച്ഛന്റെയും മകന്റെയും വിക്കറ്റ് സ്വന്തമാക്കുന്ന താരമെന്ന അപൂർവനേട്ടവുമാണ് അശ്വിൻ ആദ്യം സ്വന്തമാക്കിയത്. മുൻ വെസ്റ്റിൻഡീസ് താരം ശിവ് നാരായൺ ചന്ദർപോളിന്റെ മകൻ തേജ്നരെയ്ൻ ചന്ദർപോളിന്റെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് ഈ നേട്ടം കൈവരിച്ചത്. ഓപ്പണറായി ഇറങ്ങിയ തേജ്നരെയ്നിന്റെ വിക്കറ്റാണ് വിൻഡീസിന് ആദ്യം നഷ്ടമായത്. ഇതുകൂടാതെ രാജ്യാന്തര ക്രിക്കറ്റിൽ അച്ഛനും മകനുമെതിരെ കളിക്കുന്ന താരം എന്ന നേട്ടം വിരാട് കോലി, രോഹിത് ശർമ, ആർ.അശ്വിൻ എന്നിവർ സ്വന്തമാക്കി.

ടെസ്റ്റിൽ ഏറ്റവും കൂടുതൽ തവണ ബോൾഡാക്കി ഔട്ടാക്കുന്ന ഇന്ത്യൻ ബോളറായി അശ്വിൻ മാറി. 95 തവണയാണ് അശ്വിന് ബാറ്റർമാരുടെ കുറ്റി തെറിപ്പിച്ചത്. 94 തവണ ബോൾഡാക്കിയ അനിൽ കുംബ്ലെയുടെ റെക്കോർഡാണ് അശ്വിൻ മറികടന്നത്. സജീവ ക്രിക്കറ്റർമാരിയ മുഹമ്മദ് ഷമി (66) ആണ് അശ്വിനു തൊട്ടുപിന്നാലെയുള്ളത്.

ഇന്ത്യ– വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരകളിൽ കൂടുതൽ തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇന്ത്യൻ ബോളർ എന്ന റെക്കോർഡും അശ്വിന് നേടി. ഹർഭജൻ സിങ്ങിന്റെ റെക്കോർഡിനൊപ്പമാണ് അശ്വിനെത്തിയത്. ഇതിൽ മൂന്നു തവണയും അഞ്ച് വിക്കറ്റ് നേട്ടം കരീബിയൻ‌ മണ്ണിൽ തന്നെയായിരുന്നു. രണ്ടു തവണ ഇന്ത്യയിൽ. ആറു തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത ഇതിഹാസ ബോളർ മാൽക്കം മാർഷൽ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

700 രാജ്യാന്തര വിക്കറ്റുകൾ എന്ന അഭിമാന നേട്ടവും അശ്വിൻ വിൻഡ‍ീസിനെതിരായ ടെസ്റ്റിലെ ആദ്യ ദിനം സ്വന്തമാക്കി. വിൻഡീസ് താരം അൽസാരി ജോസഫായിരുന്നു അശ്വിന്റെ രാജ്യാന്തര കരിയറിലെ 700–ാം ഇര. നിലവിൽ 702 വിക്കറ്റുകൾ ഉള്ള അശ്വിൻ, ഏറ്റവും കൂടുതൽ രാജ്യാന്തര വിക്കറ്റുകൾ ഉള്ള ഇന്ത്യൻ ബോളർമാരിൽ മൂന്നാമതാണ്. അനിൽ കുംബ്ലെ (956), ഹർ‌ഭജൻ സിങ് ( 711) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്.

ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ 33-ാം അഞ്ച് വിക്കറ്റ് നേട്ടമാണ് അശ്വിൻ ഇന്നലെ കൈവരിച്ചത്. ഇതോടെ 32 അഞ്ച് വിക്കറ്റ് നേട്ടമുള്ള ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സനെ അശ്വിൻ മറികടന്നു. സജീവ ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടമുള്ളത് അശ്വിനാണ്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേടിയ താരങ്ങളിൽ ആറാം സ്ഥാനത്താണ് അശ്വിൻ. 67 എണ്ണമുള്ള ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഒന്നാം സ്ഥാനത്ത്.

Top