അടുത്തയാഴ്ച സുപ്രാധാനം; കൊവിഡില്‍ ബോധവത്കരണവുമായി ഇന്ത്യന്‍ സ്പിന്നര്‍ അശ്വിന്‍

ചെന്നൈ: കൊറോണ ഭീതിയില്‍ വൈറസ് വ്യാപനം തടയുക എന്ന മുന്‍ കരുതലോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ച 80 ഓളം നഗരങ്ങളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനോടകം പല നഗരങ്ങളും പൂര്‍ണമായി അടഞ്ഞു കഴിഞ്ഞു.

കായിക താരങ്ങള്‍ ഉള്‍പ്പെടെ സാമൂഹ്യ പ്രതിബന്ധതയുള്ള എല്ലാവരും തന്നെ കൊവിഡിനെതിരായ ജാഗ്രതാ പ്രവര്‍ത്തനങ്ങളിലാണ്. അതില്‍ ബോധവത്കരണം നല്‍കുന്നതില്‍ മുന്‍പന്തിയിലാണ് ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ഇതിനായി വ്യത്യസ്ത പാതയാണ് അശ്വിന്‍ സ്വീകരിച്ചത്.

കൊവിഡ് 19 ജാഗ്രതാ സന്ദേശം കൂടുതല്‍ പേരില്‍ എത്തിക്കുന്നതിനായി തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് തന്നെ മാറ്റി അശ്വിന്‍. ‘lets stay indoors India’ എന്നാണ് അശ്വിന്റെ അക്കൌണ്ടിന്റെ ഇപ്പോഴത്തെ പേര്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകളോട് വീടിനുള്ളില്‍ത്തന്നെ കഴിയാനുള്ള ആഹ്വാനമാണിതെന്ന് വ്യക്തം.

ഇതിനു പുറമെ, വൈറസിനെ പ്രതിരോധിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളോട് സഹകരിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും അശ്വിന്‍ ട്വീറ്റ് ചെയ്തു:

‘നമുക്കു ലഭിക്കുന്ന വിവരങ്ങളനുസരിച്ച് (ഇതില്‍ ആധികാരികമായവയും പരിഭ്രാന്തി സൃഷ്ടിക്കുന്നവയുമുണ്ട്) അടുത്ത രണ്ടാഴ്ച (വൈറസ് വ്യാപനം തടയുന്നതില്‍) വളരെ സുപ്രധാനമാണെന്ന് വ്യക്തമാണ്. ഈ കാലയളവില്‍ ഇന്ത്യയിലെ എല്ലാ നഗരങ്ങളും ആളൊഴിഞ്ഞുതന്നെ കിടക്കണം. കാരണം, കൈവിട്ടുപോയാല്‍ ഇതു വലിയ ദുരന്തത്തിലേ അവസാനിക്കൂ’ അശ്വിന്‍ കുറിച്ചു.

നേരത്തെ വൈറസ് വ്യാപനം തടയാന്‍ ‘സാമൂഹിക അകലം’ പാലിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശത്തോടു മുഖം തിരിച്ച ചെന്നൈയിലെ ജനതയ്ക്ക് മുന്നറിയിപ്പുമായി അശ്വിന്‍ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനോടു ക്രിയാത്മകമായി പ്രതികരിച്ച ആളുകളെ അഭിനന്ദിച്ചും അദ്ദേഹം രംഗത്തെത്തിയിരുന്നു.

Top