ഗുജറാത്ത് കലാപത്തിന്റെ ഇര തന്നെ ചെങ്കൊടിക്ക് വോട്ട് പിടിക്കുമ്പോൾ . . .

. . .മുഖം മതേതര ഇന്ത്യ ഒരു കാലത്തും മറക്കില്ല. പീഢിത മുസ്ലീം സമൂഹത്തിന്റെ ഏറ്റവും വലിയ പ്രതിബിംബമാണ് കുത്തുബുദീന്‍ അന്‍സാരി എന്ന ഗുജറാത്തുകാരന്‍ ഗുജറാത്തിന്റെ തെരുവില്‍ ചോര ഒഴുകിയ ദിനങ്ങളില്‍ അക്രമകാരികള്‍ക്കു മുന്നില്‍ കൈകൂപ്പി ജീവനു വേണ്ടി കേണ ആ മുഖത്തുണ്ടായിരുന്നത് ഒരു സമൂഹത്തിന്റെ ഭീതി തന്നെയായിരുന്നു.

ജീവനും കൊണ്ട് പിറന്ന നാട്ടില്‍ നിന്നും പലായനം ചെയ്ത കുത്തുബുദീന്‍ അന്‍സാരിക്ക് അഭയം നല്‍കിയത് ബംഗാളിലെ അന്നത്തെ ഇടതുപക്ഷ സര്‍ക്കാരായിരുന്നു . . സി.പി.എം ആയിരുന്നു . . . ഇപ്പോള്‍ ബംഗാളില്‍ ഭരണം മാറിയിട്ടും മമതയോടല്ല അന്‍സാരിക്ക് മമത, അത് ചെങ്കൊടിയോട് മാത്രമാണ്.

രാഹുല്‍ ഗാന്ധിയിലും മുസ്ലീം ലീഗിലുമല്ല ന്യൂനപക്ഷങ്ങളുടെ യഥാര്‍ത്ഥ സംരക്ഷണം ചെങ്കൊടിയില്‍ മാത്രമാണ് അന്‍സാരി ഇപ്പോഴും കാണുന്നത്. അധികാരം ഉണ്ടെങ്കിലും ഇല്ലങ്കിലും സി.പി.എം പ്രവര്‍ത്തകര്‍ ഉള്ളിടത്ത് ഭയപ്പെടാതെ കിടന്നുറങ്ങാം എന്ന് ഇദ്ദേഹത്തിന് തോന്നിയത് തന്നെ സ്വന്തം അനുഭവത്തില്‍ നിന്നാണ്. ചെങ്കൊടി തിരിച്ച് നല്‍കിയ ഈ ജീവിതത്തിനുള്ള കടപ്പാട് മുന്‍നിര്‍ത്തി ഇപ്പോള്‍ വടകരയിലെത്തിയിരിക്കുകയാണ് കുത്തുബ്ദീന്‍ അന്‍സാരി. ലക്ഷ്യം ഒന്നു മാത്രമാണ് അത് സംഘപരിവാറിന്റെ കൊടും ശത്രുവായ ജയരാജന്റെ വിജയമാണ്.

പച്ച പരവതാനി വിരിച്ച് രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ വഴി തുറക്കുന്ന മുസ്ലീം ലീഗും കാണണം ഈ കാഴ്ച്ച.
ദേശീയ തലത്തില്‍ തന്നെ സംഘപരിവാറിന്റെ ഏറ്റവും കടുത്ത ശത്രുവാണ് പി.ജയരാജന്‍. ജയരാജന്റെ നേതൃത്വത്തിലാണ് കണ്ണൂരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ ആക്രമിക്കുന്നതെന്നാണ് ആര്‍.എസ്.എസ് ആരോപണം.മമത ബാനര്‍ജിക്ക് എതിരെ പോലും നടത്താത്ത ശക്തമായ പ്രതിഷേധമാണ് സി.പി.എമ്മിനെതിരെ സംഘ പരിവാര്‍ നടത്തിയിരുന്നത്.

കണ്ണൂരിലെ ചുവപ്പ് ഭീകരത ചൂണ്ടിക്കാട്ടി അമിത് ഷാ മുതല്‍ കേന്ദ്രമന്ത്രിമാര്‍ വരെ കേരളത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മറ്റു സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിച്ചു. ഡല്‍ഹിയിലെ സി പി.എം ആസ്ഥാനത്തിനു നേരെ ആക്രമണമുണ്ടായി.മംഗലാപുരത്തും മധ്യപ്രദേശിലും ഉള്‍പ്പെടെ മുഖ്യമന്ത്രി പിണറായി വിജയനെ തടയാന്‍ ശ്രമിച്ചു. ഒറ്റ ആവശ്യമേ ആര്‍.എസ്.എസ് നേതൃത്വം ഉന്നയിച്ചിരുന്നൊള്ളു അത് കണ്ണൂരില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടരുത് എന്നതായിരുന്നു.

എന്നാല്‍ ഇത്ര കോലാഹലം കാവിപട ഉയര്‍ത്തിയിട്ടും നിലപാട് മാറ്റാന്‍ സി.പി.എമ്മോ ജയരാജനോ തയ്യാറായിരുന്നില്ല. സംഘ പരിവാര്‍ ആക്രമണം നടത്തിയാല്‍ അത് കയ്യും കെട്ടി നോക്കി നില്‍ക്കില്ലന്നത് തന്നെയാണ് ഇപ്പോഴും അവരുടെ പ്രഖ്യാപിത നയം. ചെങ്കൊടിയുടെ ഈ നിലപാട് തന്നെയാണ് ആ പാര്‍ട്ടിയിലെ അണികളുടെയും കരുത്ത്.

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി സി.പി.എമ്മിന് ഇപ്പോഴും നിലനില്‍ക്കാന്‍ കഴിയുന്നത് ന്യൂനപക്ഷ സമുദായത്തിന്റെ ഉറച്ച പിന്തുണയില്‍ കൂടിയാണ്. മലപ്പുറം വിട്ട് ഒരു വളര്‍ച്ച മുസ്ലീം ലീഗിന് ഉണ്ടാകാത്തതും ചുവപ്പിന്റെ സാന്നിധ്യം ഒന്നുകൊണ്ട് മാത്രമാണ്.

അതു പോലെ തന്നെ ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ ആര്‍ജിക്കുന്ന കാര്യത്തില്‍ ബി.ജെ.പിക്ക് മാര്‍ഗ്ഗതടസ്സമാകുന്നതും സി.പി.എമ്മിന്റെ ശക്തമായ സാന്നിധ്യമാണ്. ഇടതുപക്ഷത്തെ ഈഴവ വോട്ട് ബാങ്ക് പൊളിക്കാന്‍ ലക്ഷ്യമിട്ട് രൂപീകരിച്ച ബി.ഡി.ജെ.എസ് നനഞ്ഞ പടക്കമായി മാറിയതും കേരളത്തിലെ ഭൂരിപക്ഷം വരുന്ന ഈഴവ വിഭാഗം ചെങ്കൊടിയെ മാറോട് ചേര്‍ത്ത് പിടിച്ചത് കൊണ്ടാണ്.

ജാതിക്കും മതത്തിനും മീതെ മനുഷ്യനെ മനുഷ്യനായി കാണുന്നത് കൊണ്ടാണ് കമ്യൂണിസ്റ്റുകള്‍ക്ക് അത് സാധ്യമാകുന്നത്. പകല്‍ ഖദറും രാത്രി കാക്കി ട്രൗസറും ധരിക്കുന്നവരാല്‍ സമ്പന്നമായ കോണ്‍ഗ്രസ്സിന് ഒരിക്കലും ഈ മാതൃക പിന്തുടരാന്‍ പറ്റില്ല. ഉത്തരേന്ത്യയില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രചരണം നടത്തിയ ശേഷം മലപ്പുറത്ത് വന്ന് പച്ചപുതപ്പിനുള്ളില്‍ അഭയം തേടുന്നതല്ല മതേതരത്വം. അത് പ്രവര്‍ത്തിയിലാണ് കാണിക്കേണ്ടത്. അപ്പോഴേ അതിന് വിശ്വാസ്യത വരൂ.

ഖദര്‍ രാഷ്ട്രീയത്തിന് ആ വിശ്വാസ്യത നേടിയെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതിന്റെ നേര്‍കാഴ്ചയാണ് കുത്തുബ്ദീന്‍ അന്‍സാരിയുടെ വടകരയിലെ പ്രചരണം.

Top