കൊല്ലാന്‍ ക്വട്ടേഷന്‍; മലയാളി നഴ്‌സിനെ കുടുക്കിയത് ടെലിവിഷന്‍ ഷോയെന്ന് റിപ്പോര്‍ട്ട്

mallu

മല്ലപ്പള്ളി: കാമുകന്റെ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ പത്തനംതിട്ട സ്വദേശി നഴ്‌സ് ടിന ജോണ്‍സണ്‍ ന്യൂയോര്‍ക്കില്‍ പിടിയിലായത് ടെലിവിഷന്‍ പരിപാടിയിലൂടെ.

നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ച് കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന പരിപാടിയുടെ ആധികാരികതയ്ക്കായി അമേരിക്കയിലെ ഒരു ടെലിവിഷന്‍ ചാനല്‍ ഉള്‍പ്പെടുത്തിയ രഹസ്യ ഫോണ്‍ സംഭാഷണമാണ് കേസിന് തുമ്പായത്.

മല്ലപ്പള്ളി കീഴ്വായ്പ്പൂരില്‍ നിന്ന് അമേരിക്കയില്‍ താമസമാക്കിയ ദമ്പതികളുടെ മകള്‍ ടിന ജോണ്‍സണിനെ (31) ഇല്ലിനോയ്‌സ് ഡ്യുപേജ് കൗണ്ടി പൊലീസ് അറസ്റ്റ് ചെയ്തത് അടുത്തിടെയാണ്.

യു.എസ് മെയ് വുഡ് ലൊയോള യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ നഴ്‌സാണ് ടിന. ഇവിടെ അനസ്‌തേഷ്യോളജിയില്‍ റസിഡന്‍സി പൂര്‍ത്തിയാക്കിയ മലയാളി ഡോക്ടറാണ് കാമുകന്‍. ടിന ക്വട്ടേഷന്‍ സംഘവുമായി നടത്തുന്ന ഫോണ്‍ സംഭാഷണം ചോര്‍ത്തി ചാനല്‍ സംപ്രേഷണം ചെയ്യുകയായിരുന്നു

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ടിനയെ പിടികൂടിയത്. അന്വേഷണ സംഘം ടിനയെ മൂന്ന് മാസത്തോളം നിരീക്ഷിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

ടിനയും വിവാഹിതയാണ്. 2016 സെപ്തംബര്‍ 17ന് ചിക്കാഗോയില്‍ വച്ചാണ് മല്ലപ്പള്ളി വാളക്കുഴി സ്വദേശിയെ ടിന വിവാഹം ചെയ്തത്. ഡോക്ടറായ കാമുകനെ സ്വന്തമാക്കാന്‍ അയാളുടെ ഭാര്യയെ വധിക്കുന്നതിന് ടിന ക്വട്ടേഷന്‍ സംഘത്തെ ഇന്റര്‍നെറ്റിലൂടെയാണ് സമീപിച്ചത്.

അഡ്വാന്‍സായി ബിറ്റ്‌കോയിന്‍ വഴി 10,000 ഡോളര്‍ സംഘത്തിന് ടിന കൈമാറിയിരുന്നു. സാമൂഹ്യ പവര്‍ത്തകയാണ് ഡോക്ടറുടെ ഭാര്യ. കൊലപാതകം ഒരു ആക്സിഡന്റാണെന്ന് തോന്നിപ്പിക്കണമെന്നായിരുന്നു ടിനയുടെ നിര്‍ദ്ദേശം.

കോടതിയില്‍ ഹാജരാക്കിയ ടിനയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. 2,50,000 ഡോളറാണ് ജാമ്യത്തുക. ഇതിന്റെ പത്തുശതമാനം ആദ്യം അടയ്ക്കണം. ടിനയുടെ പാസ്പോര്‍ട്ടും കോടതിയില്‍ സറണ്ടര്‍ ചെയ്തു.

കുറ്റം തെളിഞ്ഞാല്‍ കുറഞ്ഞത് 20 വര്‍ഷമെങ്കിലും തടവ് ശിക്ഷ ലഭിക്കുന്ന കൃത്യമാണ് യുവതി ചെയ്തത്. അതേസമയം, ഇരയായ സ്ത്രീയുമായും അവരുടെ ഭര്‍ത്താവുമായും ടിന യാതൊരു തരത്തിലും ബന്ധപ്പെടാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശമുണ്ട്.

മേയ് 25ന് കേസ് സംബന്ധിച്ച വാദം കോടതി കേള്‍ക്കും. അതേസമയം കാമുകനെയും ക്വട്ടേഷന്‍ സംഘത്തെയും പൊലീസ് ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ഇവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

Top