പൗരത്വ ബില്ലിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം ; സഭ നിര്‍ത്തി വച്ചു

rajyasabha

ഡല്‍ഹി : പൗരത്വ ബില്ലിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷം നടുത്തളത്തില്‍ പ്രതിഷേധിച്ചതോടെ സഭ 12 മണിവരെ നിര്‍ത്തി വച്ചു. പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം കനക്കുന്നതിനിടെ പൗരത്വ ബില്‍ ലോക് സഭ ഇന്നലെ പാസാക്കിയിരുന്നു.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങാണ് ബില്‍ അവതരിപ്പിച്ചത്. പൗരത്വബില്ല് അസമിലെ ജനങ്ങള്‍ക്കെതിരാണ് എന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയെ വ്യാജപ്രചരണമെന്ന് രീതിയില്‍ രാജ്‌നാഥ് സിങ് തള്ളിയിരുന്നു.

പാകിസ്ഥാന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ ഹിന്ദുക്കള്‍ക്കും അവിടുത്തെ മറ്റു ന്യൂനപക്ഷങ്ങള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ബില്‍. 1971ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറിയ എല്ലാ വിദേശപൗരന്‍മാരേയും തിരിച്ചയക്കാനാണ് 1985ലെ അസം ആക്ട് നിര്‍ദേശിക്കുന്നത്.

എന്നാല്‍ 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്തു കൊണ്ടു വരുന്ന പുതിയ ബില്ലില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറുന്ന ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയിന്‍സ്, പാര്‍സികള്‍, ക്രൈസ്തവര്‍ എന്നിവര്‍ക്ക് ആറ് വര്‍ഷം രാജ്യത്ത് താമസിച്ചാല്‍ പൗരത്വം നല്‍കാനാണ് ശുപാര്‍ശ ചെയ്യുന്നത്.

അതേസമയം സാമ്പത്തിക സംവരണ ബില്ല് രാജ്യസഭയില്‍ വച്ചു. ബില്ലിന്മേല്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചര്‍ച്ച നടക്കും.

Top