സംവരണമെന്നത് ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടിയല്ല ; സംവരണ ബില്ലിനെതിരേ എതിര്‍പ്പുമായി മുസ്‌ലീം ലീഗ്

ന്യൂഡല്‍ഹി: ലോക്‌സഭ പാസാക്കിയ സംവരണ ബില്ലിനെതിരേ എതിര്‍പ്പുമായി മുസ്‌ലീം ലീഗ്. സംവരണമെന്നത് ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടിയല്ല. സംവരണത്തിന്റെ അടിസ്ഥാനതത്വം സാമൂഹ്യനീതിയാണെന്നും ലീഗ് എംപി ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ഇപ്പോള്‍ പൗരത്വഭേദഗതി നിയമവും സംവരണ നിയമവും ധൃതിപിടിച്ച് നടപ്പാക്കിയത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്നും ഇവ രണ്ടും രാജ്യത്തിന് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നും ബഷീര്‍ വ്യക്തമാക്കി.

താത്പര്യമുള്ളവരെ മാത്രം സംരക്ഷിച്ച് നിര്‍ത്തുന്നതാണ് പൗരത്വഭേദഗതി നിയമമെന്നും ഇത് രാജ്യത്ത് അസ്വസ്ഥതകളും അനൈക്യവും ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം കനക്കുന്നതിനിടെ പൗരത്വ ബില്‍ ലോക് സഭ ഇന്നലെ പാസാക്കിയിരുന്നു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങാണ് ബില്‍ അവതരിപ്പിച്ചത്. പൗരത്വബില്ല് അസമിലെ ജനങ്ങള്‍ക്കെതിരാണ് എന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയെ വ്യാജപ്രചരണമെന്ന് രീതിയില്‍ രാജ്‌നാഥ് സിങ് തള്ളിയിരുന്നു.

പാകിസ്ഥാന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ ഹിന്ദുക്കള്‍ക്കും അവിടുത്തെ മറ്റു ന്യൂനപക്ഷങ്ങള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ബില്‍. 1971ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറിയ എല്ലാ വിദേശപൗരന്‍മാരേയും തിരിച്ചയക്കാനാണ് 1985ലെ അസം ആക്ട് നിര്‍ദേശിക്കുന്നത്.

എന്നാല്‍ 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്തു കൊണ്ടു വരുന്ന പുതിയ ബില്ലില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറുന്ന ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയിന്‍സ്, പാര്‍സികള്‍, ക്രൈസ്തവര്‍ എന്നിവര്‍ക്ക് ആറ് വര്‍ഷം രാജ്യത്ത് താമസിച്ചാല്‍ പൗരത്വം നല്‍കാനാണ് ശുപാര്‍ശ ചെയ്യുന്നത്.

Top