ലോകകപ്പിനു ശേഷം എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാന്‍ ക്വിന്റണ്‍ ഡിക്കോക്ക് ആഗ്രഹിച്ചിരുന്നു; വെളിപ്പെടുത്തല്‍

കേപ്ടൗണ്‍: ക്രിക്കറ്റ് ലോകകപ്പിനു ശേഷം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്ക് ആഗ്രഹിച്ചിരുന്നുവെന്ന് അവരുടെ നിശ്ചിത ഓവര്‍ പരിശീലകന്‍ റോബ് വാള്‍ട്ടര്‍. ഒടുവില്‍ താനും ടീം മാനേജ്മെന്റും ഇടപെട്ടാണ് താരത്തെ അതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച ഇന്ത്യയ്ക്കെതിരായ പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിനിടെയായിരുന്നു പരിശീലകന്‍ ഈ കാര്യം വെളിപ്പെടുത്തിയത്.

2023 ലോകകപ്പിനു ശേഷം ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്ന് ഡിക്കോക്ക് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റില്‍ നിന്ന് താരം നേരത്തേ തന്നെ വിരമിച്ചിരുന്നു. നിലവില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ട്വന്റി 20-യില്‍ മാത്രമാണ് താരം കളിക്കുന്നത്. 2024-ലെ ട്വന്റി 20 ലോകകപ്പിന് ഡിക്കോക്ക് ഉണ്ടാകുമെന്നും വാള്‍ട്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഡിക്കോക്കിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്.

ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരമാണ് ഡിക്കോക്ക്. 10 കളികളില്‍ നിന്ന് നാല് സെഞ്ചുറികളടക്കം 594 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. എന്നാല്‍, സെമിയില്‍ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയയോട് തോറ്റു.

Top