Quick verification ordered against Babu

കൊച്ചി: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.ബാബുവിനെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടപടി ആരംഭിച്ചു. എറണാകുളം റേഞ്ച് വിജിലന്‍സ് എസ്.പി നിശാന്തിനിയാണ് അന്വേഷിക്കുന്നത്.

പരാതിക്കാരില്‍ നിന്ന് നാളെ മുതല്‍ തെളിവെടുപ്പ് തുടങ്ങും. മന്ത്രി കെ.ബാബു, ബിജു രമേശ് എന്നിവരെ പ്രതികളാക്കി നല്‍കിയ ഹര്‍ജിയിലാണ് തൃശൂര്‍ വിജിലന്‍സ് കോടതി ക്വിക്ക് വെരിഫിക്കേഷന്‍ അനുമതി നല്‍കിയത്. മന്ത്രി ബാബുവിനും ബിജു രമേശിനുമെതിരെ അന്വേഷണം നടത്തി ജനുവരി 23നകം റിപ്പോര്‍ട്ട് സര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ചാണ് ഇന്നുമുതല്‍ അന്വേഷണം ആരംഭിച്ചത്. പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടക്കുളമാണ് ഹര്‍ജി നല്‍കിയത്. ബിജു രമേശ് ബാബുവിന് കോഴയായി 50 ലക്ഷം നല്‍കിയെന്ന ആരോപണം അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

കേസില്‍ മന്ത്രി ബാബുവിനെ ഒന്നാം പ്രതിയും ബിജു രമേശിനെ രണ്ടാം പ്രതിയും ആക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കെ.ബാബു കോഴ വാങ്ങുകയും ബിജു രമേശ് കോഴ കൊടുക്കുകയും ചെയ്തത് പരാമര്‍ശിച്ചാണിത്. 2013 ഒക്ടോബര്‍ 31ന് 50 ലക്ഷം രൂപ മന്ത്രി ബാബു കൈപ്പറ്റിയെന്ന് ബിജു രമേശ് ചാനലുകള്‍ വഴിയാണ് വെളിപ്പെടുത്തിയത്.

Top