ഉത്തരകൊറിയൻ ഏകാധിപതി കിം ജോങിന്റെ മാനസിക നില പരിശോധിക്കണമെന്ന്‌ യുഎസ്‌

White House

വാഷിംഗ്ടൺ: ആണവ ശക്തി കേന്ദ്രമായ ഉത്തരകൊറിയയുടെ സർവ്വാധിപതിയായ നേതാവ് കിം ജോങ് ഉന്നിന്റെ മാനസിക നില പരിശോധിക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സ്. അമേരിക്കയെ ഇല്ലാതാക്കാനുള്ള ആണവ ആയുധങ്ങളുടെ ബട്ടൺ തന്റെ കൈവശമാണ് ഉള്ളതെന്നും, അമേരിക്കയ്ക്ക് ഉത്തരകൊറിയയെ ഭയമാണെന്നും കിം ജോങ് പറഞ്ഞതിന് മറുപടി പറയുകയായിരുന്നു സാറാ സാന്‍ഡേഴ്സ്.

ആണവ ശക്തിയാണ് എല്ലാമെന്ന് അഹങ്കരിക്കുന്ന കിം ജോങ് ഉന്നിന്റെ മാനസിക നില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും, നാലു വർഷത്തിനിടയിൽ ഉത്തരകൊറിയ നിരവധി തവണ അമേരിക്കയ്‌ക്കെതിരെ ഭീക്ഷണി ഉയർത്തുകയും, മിസൈല്‍ പരീശീലനം നടത്തുകയും ചെയുന്നുണ്ടെന്നും സാന്‍ഡേഴ്സ് വ്യക്തമാക്കി.

ലോകരാജ്യങ്ങളുമായി സമാധാനത്തില്‍ പോകുവാനാണ് അമേരിക്കയ്ക്ക് ആഗ്രഹമെന്നും, ഉത്തരകൊറിയയുമായും ഈ ബന്ധമാണ് അമേരിക്ക ആവശ്യപ്പെടുന്നതെന്നും, എന്നാല്‍ അവര്‍ എടുക്കുന്ന ചില തീരുമാനങ്ങള്‍ അമേരിക്കന്‍ ജനതയെയും പ്രസിഡന്റിനെയും അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്നും, അതിന് മാറ്റം വരുത്തണം, ഇത്തരത്തിലുള്ള ആണവ പരിപാടികള്‍ നാളെ ആഗോളതലത്തില്‍ തന്നെ നാശം ഉണ്ടാക്കുമെന്നും സാന്‍ഡേഴ്‌സ് ചൂണ്ടിക്കാട്ടി.

നേരത്തെ, കിം ജോ ഉന്നിന്റെ പ്രസ്താവനകള്‍ക്ക് തക്ക മറുപടിയുമായി ട്രംപ് രംഗത്തെത്തിയിരുന്നു. കിമ്മിന്റെ പക്കലുള്ളതിലും വലിയ ആണവബട്ടണ്‍ തന്റെ കൈവശം ഉണ്ടെന്നും, അത് ഉത്തരകൊറിയയുടേതിനേക്കാള്‍ വലുതും, കരുത്തുറ്റതും, പ്രവര്‍ത്തനക്ഷമവുമാണെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

‘അയാളുടെ പക്കലുള്ളതിനേക്കാള്‍ വലുതും കരുത്തേറിയതുമായ ആണവബട്ടന്‍ എന്റെ പക്കലുമുണ്ടെന്ന്‌ പട്ടിണിക്കാരും ദുര്‍ബലരും നിറഞ്ഞ കൊറിയന്‍ ഭരണകൂടത്തിലുള്ള ആരെങ്കിലും ഓര്‍മിപ്പിച്ചേക്കൂ. എന്റെ ആണവബട്ടണ്‍ ഒന്നാന്തരമായി പ്രവര്‍ത്തിക്കുന്നതുമാണ്.’ – ഇങ്ങനെയായിരുന്നു ട്രംപിന്റെ ട്വീറ്റ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ട്രംപിന്റെ ട്വീറ്റ് വൈറലായി മാറിയിരുന്നു.

Top