കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ക്വീന്‍സ്‌ലന്‍ഡ് സര്‍ക്കാര്‍; നാലാം ടെസ്റ്റ് അനിശ്ചിതത്വത്തിൽ

ബ്രിസ്‌ബെയ്ന്‍: ഇന്ത്യ – ഓസ്‌ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ കാര്യത്തിൽ വീണ്ടും അനിശ്ചിതത്വം. കോവിഡ് കേസുകള്‍ വര്‍ധിച്ചത് കാരണം കടുത്ത ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ക്വീന്‍സ്‌ലന്‍ഡ് സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് വീണ്ടും അനിശ്ചിതത്വം. ഈ മാസം 15 മുതല്‍ 19 വരെ ബ്രിസ്‌ബെയ്‌നിലാണ് നാലാം ടെസ്റ്റ് നടക്കേണ്ടത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആദ്യ ഘട്ടമെന്ന നിലയില്‍ വെള്ളിയാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് ആരംഭിക്കുന്ന ലോക്ക്ഡൗണ്‍ തിങ്കളാഴ്ച വൈകീട്ട് ആറു മണിക്കാണ് അവസാനിക്കുകയെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷേ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് ക്വീന്‍സ്‌ലന്‍ഡ് സര്‍ക്കാര്‍ പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ നടക്കുന്ന സിഡ്‌നി ടെസ്റ്റിന് ശേഷം വരുന്ന ചൊവ്വാഴ്ച ബ്രിസ്‌ബെയ്‌നിലേക്ക് തിരിക്കാനിരിക്കുകയാണ് ഇന്ത്യ – ഓസ്‌ട്രേലിയ സംഘങ്ങള്‍. വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ ലോക്ക്ഡൗണ്‍ നീട്ടേണ്ടി വന്നാല്‍ ആ തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോകില്ലെന്നാണ് പ്രാദേശിക സര്‍ക്കാരിന്റെ നിലപാട്. ബ്രിസ്‌ബെയ്‌നിലെ ഒരു ക്വാറന്റൈന്‍ ഹോട്ടല്‍ ജീവനക്കാരന് യു.കെയില്‍ നിന്നുള്ള അതിതീവ്ര കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. അതേസമയം ബ്രിസ്‌ബെയ്‌നിലെത്തി വീണ്ടും ക്വാറന്റൈനില്‍ കഴിയാന്‍ സാധിക്കില്ലെന്ന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നിലപാടെടുത്തതായി ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top