സംസ്ഥാനത്ത് ആദ്യത്തെ സൗജന്യ വൈഫൈ സ്ട്രീറ്റായി കൊച്ചിയിലെ ‘ക്യൂൻസ് വാക്ക് വേ’

എറണാകുളം: കൊച്ചിയില്‍ ഇനി സൗജന്യ വൈഫൈ സ്ട്രീറ്റും. സംസ്ഥാനത്ത് തന്നെ ഇതാദ്യമായാണ് ഒരു സ്ട്രീറ്റാകെ വൈവൈ സൗകര്യത്തിലാവുന്നത്. ക്യൂൻസ് വാക്ക് വേ വൈഫൈ സ്ട്രീറ്റ് ശശി തരൂർ എം പി ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം പിയുടെ പ്രാദേശീക വികസന ഫണ്ടിൽ നിന്നും 31.86 ലക്ഷം രൂപ ചിലവഴിച്ചാണ് ക്യൂൻസ് വാക്ക് വേയില്‍ വൈഫൈ ഒരുക്കിയത്. ഗോശ്രീ പാലം മുതല്‍ ചാത്യാത്ത് റോഡില്‍ 1.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് സൗജന്യ വൈഫൈ സൗകര്യം കിട്ടുക. 50 എം ബി പി എസ് വേഗതയിലുള്ള ഇന്റര്‍നെറ്റ് ലീസ്ഡ് ലൈൻ സര്‍ക്യൂട്ടാണ് ബിഎസ്എൻഎല്‍ വഴി നല്ഡകുന്നത്.ആകെ 9 പോളുകളാണ് ഉള്ളത്.ഇതില്‍ നിന്ന് 18 ആക്സസ് പോയിന്റുകളുണ്ട്. ഒരു പോയിന്റില്‍ നിന്ന് ഒരേ സമയം 75 പേര്‍ക്ക് വൈഫൈ സേവനം ലഭിക്കും.

സംസ്ഥാനത്താകെ മാതൃകയാക്കാവുന്ന സേവനമാണ് ഇതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു ശശി തരൂര്‍ പറഞ്ഞു. മൂന്ന് വര്‍ഷത്തേക്ക് നടത്തിപ്പിനും പരിപാലനത്തിനുമുള്ള ഫണ്ടാണ് ബി എസ്എൻഎല്ലിന് അനുവദിച്ചിട്ടുള്ളത്. ഇന്റര്‍നെറ്റ് സൗകര്യത്തോടൊപ്പം ക്യൂൻസ് വാക്ക് വേയിൽ ആധുനിക സംവിധാനങ്ങളോടെ പൊതു ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് ശുചിമുറിയുടെ പരിപാലനം.

Top