എലിസബത്ത് രാജ്ഞി അംഗീകരിച്ചു; ബ്രെകിസ്റ്റ് ബില്‍ പാര്‍ലമെന്റ് കടന്നു

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനിലെ അംഗത്വം ഉപേക്ഷിച്ച് ബ്രിട്ടന് പുറത്തുവരാനുള്ള ബ്രെക്സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞി അംഗീകാരം നല്‍കി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ഇനി കൃത്യം ഒരു ആഴ്ച മാത്രം അവശേഷിക്കവെയാണ് ഇതിനായുള്ള ബില്‍ പാസായിരിക്കുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് ലോര്‍ഡ്സ് ബില്‍ പാസാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് രാജ്ഞി ബില്ലിന് അംഗീകാരം നല്‍കിയത്.

ജനുവരി 31നകം യൂറോപ്യന്‍ യൂണിയന്റെ പാര്‍ലമെന്റും ബ്രെക്സിറ്റ് അംഗീകരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ബ്രിട്ടന് നിശ്ചയിച്ച സമയത്ത് യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുവരാനാകൂ.

ഈ ബില്‍ പാര്‍ലമെന്റില്‍ പാസായതോടെ ബ്രിട്ടനെ സംബന്ധിച്ച് ഒരു പുതിയ അധ്യായത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചത്.

യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോരാനുള്ള ഹിതപരിശോധന നടന്നത് 2016ലാണ്. മൂന്നരവര്‍ഷത്തിലധികമായി തുടര്‍ന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ബ്രെക്സിറ്റ് നിയമം ആയിരിക്കുന്നത്.

ബോറിസിന്റെ ബ്രെക്സിറ്റ് ബില്‍ പാര്‍ലമെന്റില്‍ അവസാനത്തെ കടമ്പ കൂടി കടന്നതോടെ ജനുവരി 31ന് രാത്രി 11മണിക്ക് യു.കെ യൂറോപ്യന്‍ യൂണിയന്‍ വിട്ട് പോകുമെന്നുറപ്പായിരിക്കുകയാണ്.

Top