പാറപൊട്ടിക്കല്‍ ദൂരപരിധി; ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്‌റ്റേ

ന്യൂഡല്‍ഹി: പരിസ്ഥിതി ലോലപ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും നിന്ന് 200 മീറ്റര്‍ മാറി മാത്രമേ പാറ പൊട്ടിക്കാന്‍ പാടുള്ളൂവെന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജി സെപ്റ്റംബര്‍ ഒന്നിന് പരിഗണിക്കാന്‍ കോടതി തീരുമാനിച്ചു.

ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ എടുത്ത കേസിലാണ് പരിസ്ഥിതി ലോല പ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും നിന്ന് 200 മീറ്റര്‍ മാറി മാത്രമേ പാറ പൊട്ടിക്കാന്‍ പാടുള്ളൂവെന്ന ഉത്തരവ് പുറപ്പടുവിച്ചത്. എന്നാല്‍ സ്വമേധയാ എടുത്ത കേസില്‍ ഹരിത ട്രൈബ്യൂണലിന് ഇത്തരത്തില്‍ വിധി പ്രസ്താവിക്കാന്‍ കഴിയില്ലെന്നായിരുന്നു ക്വാറി ഉടമകളുടെ വാദം.

ഈ വാദം ഭാഗികമായി അംഗീകരിച്ച ഹൈക്കോടതി ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കുകയും, വിഷയം വീണ്ടും പരിഗണിക്കാന്‍ ട്രൈബ്യൂണലിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് ഹരിത ട്രൈബ്യൂണല്‍ വിധി ബാധകമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കും ഹരിത ട്രൈബ്യൂണല്‍ വിധി ബാധകമാകും.

നിലവിലെ ചട്ടപ്രകാരം ജനവാസ കേന്ദ്രങ്ങളില്‍ ഉള്‍പ്പടെ അമ്പത് മീറ്റര്‍ മാറി പാറ പൊട്ടിക്കാം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യം അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ സുപ്രീംകോടതിയെ അറിയിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്റ്റേ ഉത്തരവ് തിരിച്ചടിയല്ലെന്ന് ക്വാറി ഉടമകളുടെ അഭിഭാഷകര്‍ അറിയിച്ചു. അടുത്ത ആഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഉത്തരവില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെടുമെന്നും അഭിഭാഷകര്‍ പറഞ്ഞു.

 

Top