ക്വാറന്റൈനില്‍ കഴിയവേ മുങ്ങി കൊല്ലം സബ് കലക്ടര്‍; ഗുരുതര കുറ്റമെന്ന് ജില്ലാ കലക്ടര്‍

കൊല്ലം: ക്വാറന്റൈനില്‍ കഴിയുകയായിരുന്ന കൊല്ലം സബ് കലക്ടര്‍ ആരോടും പറയാതെ ക്വാര്‍ട്ടേഴ്‌സ് വിട്ടുപോയി. ഉത്തര്‍പ്രദേശ് സ്വദേശി അനുപം മിശ്രയാണ് ആരോടും പറയാതെ സ്ഥലം വിട്ടത്. ഏറെ നേരത്തെ അന്വേഷണത്തിനൊടുവില്‍ അദ്ദേഹം ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിനെ ഫോണില്‍ ബന്ധപ്പെട്ടതായി വിവരം പുറത്ത് വിട്ടു. ബെംഗളൂരുവിലേക്കാണ് സബ് കലക്ടര്‍ പോയെന്നാണു അറിയിച്ചതെന്നു കലക്ടര്‍ അറിയിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക നമ്പര്‍ ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ ടവര്‍ ലൊക്കേഷനിലാണ്.

വിവാഹത്തിനായി നാട്ടിലേക്കു പോയ സബ് കലക്ടര്‍ കഴിഞ്ഞ 18നാണു കൊല്ലത്തു തിരിച്ചെത്തി ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. മധുവിധുവിനു വിദേശത്തു പോകാന്‍ ജില്ലാ കലക്ടറോട് നേരത്തെ അനുമതി ചോദിച്ചിരുന്നതിനാല്‍, ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. കൊല്ലത്തു സബ് കലക്ടറുടെ യാത്രയില്‍ ഒപ്പമുണ്ടായിരുന്ന ഡ്രൈവറോടും ഗണ്‍മാനോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു.

തേവള്ളിയിലെ ഗവ. ഓഫിസേഴ്‌സ് ക്വാര്‍ട്ടേഴ്‌സിലേക്കു പോയ സബ് കലക്ടര്‍ വൈകാതെ ബെംഗളൂരുവിലേക്കു പോയതാകാമെന്നു കലക്ടര്‍ പറയുന്നു. അദ്ദേഹത്തിന്റെ ബന്ധു അവിടെയുണ്ട്. രണ്ടു ദിവസമായി സബ് കലക്ടറുടെ ക്വാര്‍ട്ടേഴ്‌സില്‍ വെളിച്ചം കാണാതിരുന്നതിനെത്തുടര്‍ന്നു സമീപത്തെ ക്വാര്‍ട്ടേഴ്‌സിലെ ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതോടെയാണു സബ് കലക്ടര്‍ ക്വാറന്റൈന്‍ ലംഘിച്ചതു പുറത്തറിഞ്ഞത്. തുടര്‍ന്നു പൊലീസും ആരോഗ്യ- റവന്യൂ വകുപ്പ് അധികൃതരും സ്ഥലത്തെത്തിയെങ്കിലും ക്വാര്‍ട്ടേഴ്‌സ് പൂട്ടിയിട്ട നിലയിലായിരുന്നു. തുടര്‍ന്നാണു ജില്ലാ കലക്ടറെ അദ്ദേഹം ബന്ധപ്പെട്ടത്.

ഇവിടെ പരിചയക്കാരില്ലാത്തതിനാലും ഭാഷ വശമില്ലാത്തതിനാലുമാണു ബെംഗളൂരുവിലേക്കു പോയതെന്നാണു കലക്ടര്‍ക്കു നല്‍കിയ വിശദീകരണം. ക്വാറന്റൈന്‍ ലംഘിച്ചതു ഗുരുതരമായ കുറ്റമാണെന്നും സര്‍വീസ് റൂളിനു വിരുദ്ധമാണെന്നും കലക്ടര്‍ അറിയിച്ചു.

Top