ആന്റിറാബീസ് വാക്‌സിന്റെ ഗുണനിലവാരം; സംസ്ഥാനത്തെ കക്ഷിയാക്കി സുപ്രീംകോടതി

ഡല്‍ഹി: പേവിഷബാധ പ്രതിരോധ വാക്‌സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാനത്തെ കക്ഷിയാക്കി സുപ്രീംകോടതി. ജസ്റ്റിസ് അനിരുദ്ധാ ബോസ്, ജസ്റ്റിസ് സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി. കേരളത്തിലെ സാഹചര്യം ഗുരുതരമാണെന്ന് ജസ്റ്റിസ് സി ടി രവികുമാര്‍ വാദത്തിനിടെ പറഞ്ഞു, തുടര്‍ന്ന് സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്രത്തിനായി സോളിസിറ്റര്‍ ജനറലിന് ഹര്‍ജിയുടെ പകര്‍പ്പ് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

മനുഷ്യര്‍ക്കും നായ്ക്കള്‍ക്കും നല്‍കുന്ന ആന്റി റാബിസ് വാക്‌സിനുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരള പ്രവാസി അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. നേരത്തെ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചിരുന്നു. അടുത്ത കാലത്തായി നായകളുടെ കടിയേറ്റ പലരും പേ വിഷബാധയേറ്റ് മരിക്കുന്നുണ്ട്. ഇത് ചികിത്സ പ്രോട്ടോക്കോളിനെ കുറിച്ചും വാക്‌സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ചും നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് കാട്ടി കെപിഎ ചെയര്‍മാന്‍ ഡോ. രാജേന്ദ്രന്‍ വെള്ളപ്പാലത്ത്, പ്രസിഡന്റ് അശ്വനി നമ്പാറമ്പത്ത് എന്നിവര്‍ ചേര്‍ന്നാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഇന്‍ട്രാ ഡെര്‍മല്‍ റാബിസ് വാക്‌സിനുകളുടെ ഫലപ്രാപ്തി പഠിക്കാന്‍ സ്വതന്ത്ര വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണം എന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രകാരം, മനുഷ്യര്‍ക്കുള്ള റാബിസ് വാക്‌സിന്‍ നിര്‍മ്മാണം, സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയായതിനാല്‍, നിര്‍മ്മാണത്തിനും പരിശോധനയ്ക്കും കുറഞ്ഞത് മൂന്ന് മുതല്‍ നാല് മാസം വരെ ആവശ്യമാണ്. പക്ഷെ വാക്സിന്‍ നിര്‍മിച്ച് 14 ദിവസത്തിനകം കേരളത്തില്‍ എത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. കെഎംഎംഎന്‍പി ലോ വഴിയാണ് കേരള പ്രവാസി അസോസിയേഷന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Top