യോഗ്യരായ യുവാക്കള്‍ ക്യൂവില്‍, വിരമിച്ച ഉദ്യോഗസ്ഥരെ കരാറില്‍ നിയമിച്ച് എസ് ബി ഐ

തിരുവനന്തപുരം: യോഗ്യരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ തൊഴിലില്ലാതെ നില്‍ക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ വിരമിച്ച ഓഫിസര്‍മാരെയും ജീവനക്കാരെയും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിവാദമാകുന്നു. കേരളത്തില്‍ മാത്രം 101 പേരെയാണ് എസ് ബി ഐ നിയമിക്കുന്നത്.

എനി ടൈം ചാനലിലേക്കാണ് നിയമനം. കേരളത്തില്‍ അഞ്ച് സപ്പോര്‍ട്ട് ഓഫിസര്‍മാര്‍, 16 ചാനല്‍ മാനേജര്‍ സൂപ്പര്‍വൈസര്‍, 80 ചാനല്‍ മാനേജര്‍ ഫെസിലിറ്റേറ്റര്‍ എന്നിവരെയാണ് നിയമിക്കുന്നത്. എസ്.ബി.ഐയില്‍നിന്നോ എസ്.ബി.ടി പോലുള്ള ലയിപ്പിച്ച അസോസിയേറ്റ് ബാങ്കുകളില്‍നിന്നോ മറ്റ് പൊതുമേഖല ബാങ്കുകളില്‍നിന്നോ വിരമിച്ചവര്‍ക്കാണ് കരാര്‍ നിയമനം.

ചാനല്‍ സൂപ്പര്‍വൈസര്‍, സപ്പോര്‍ട്ട് ഓഫിസര്‍ തസ്തികകളില്‍ 35,000 രൂപയും ചാനല്‍ ഫെസിലിറ്റേറ്റര്‍ക്ക് 30,000 രൂപയുമാണ് പ്രതിമാസ സ്ഥിര വേതനം. യാത്രപ്പടിയായി 5000, മൊബൈല്‍ ഫോണിന് 1000 രൂപ വീതവും നല്‍കും. 15 കിലോമീറ്റര്‍ ദൂരെനിന്ന് വരുന്നവര്‍ക്ക് കിലോമീറ്ററിന് 10 രൂപ നിരക്കില്‍ യാത്രപ്പടി ലഭിക്കും.

ഒരു വര്‍ഷത്തേക്കാണ് നിയമനമെങ്കിലും രണ്ട് വര്‍ഷം വരെയോ 65 വയസ്സ് വരെയോ, ഇതില്‍ ആദ്യം ഏതാണോ അതുവരെ കാലാവധി നീട്ടാം. അപേക്ഷകന് 63 വയസ്സില്‍ കൂടരുത്. എസ്.ബി.ഐയിലെ പെന്‍ഷന്‍കാരുടെ സംഘടനയുടെ സംസ്ഥാന ഘടകത്തോട് അപേക്ഷകരെ പ്രോത്സാഹിപ്പിക്കാന്‍ തിരുവനന്തപുരം സര്‍ക്കിള്‍ ഓഫിസ്തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ്. ജൂണ്‍ 18 വരെയാണ് അപേക്ഷിക്കാനുള്ള ദിവസം. 22 മുതല്‍ 26 വരെ കൂടിക്കാഴ്ച നടത്തും. പെന്‍ഷന്‍ വാങ്ങുന്നവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിലൂടെ മറ്റ് ബാധ്യതകള്‍ ഒഴിവാക്കലാണ് ബാങ്കിന്റെ ലക്ഷ്യം.

Top