ക്വാല്‍കോമിന്റെ അത്യാധുനിക ഫ്ളാഗ്ഷിപ്പ് മൊബൈല്‍ പ്ലാറ്റഫോം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 പ്രൊസസര്‍ ചിപ്പ്

സ്മാര്‍ട്ഫോണ്‍ പ്രൊസസര്‍ ചിപ്പായ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചൊവ്വാഴ്ച നടന്ന സ്നാപ്ഡ്രാഗണ്‍ സമ്മിറ്റില്‍ വെച്ച് അവതരിപ്പിച്ചു. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ന്റെ പിന്‍ഗാമിയായ ക്വാല്‍കോമിന്റെ ഏറ്റവും പുതിയ ഫ്ളാഗ്ഷിപ്പ് മൊബൈല്‍ പ്ലാറ്റ്ഫോമാണിത്. ഒട്ടേറെ പുതുമകളോടെയാണ് പുതിയ മൊബൈല്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമായും എഐ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയുള്ള അപ്ഗ്രേഡുകളാണിവ.

അത്യാധുനിക എഐ സാങ്കേതിക വിദ്യകള്‍ സുഗമമായി പ്രവര്‍ത്തിക്കും വിധമാണ് സ്നാപ്ഡ്രാഗണ്‍ 8ജെന്‍ 3 ഒരുക്കിയിരിക്കുന്നത്. ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ ഉള്‍പ്പടെ വിവിധ ജനറേറ്റീവ് എഐ മോഡലുകള്‍ പിന്തുണയ്ക്കുന്ന എഐ എഞ്ചിനാണ് സ്നാപ്ഡ്രാഗണ്‍ 8 ജെന്‍3 യില്‍. 4എന്‍എം പ്രൊസസിങ് സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇതിലെ ക്വാല്‍കോം ക്രയോ സിപിയോ 3.3 ഗിഗാഹെര്‍ട്സില്‍ 30 ശതമാനം വേഗവും 20 ശതമാനം കൂടുതല്‍ മികവും കാഴ്ചവെക്കും. 3.2 ഗിഗാഹെര്‍ട്സ് വരെ അഞ്ച് പെര്‍ഫോമന്‍സ് കോറുകളും 2.3 ഗിഗാഹെര്‍ട്സ് വരെ രണ്ട് എഫിഷ്യന്‍സി കോറുകളും ഇതിലുണ്ട്.

ക്വാല്‍കോം എഐ എഞ്ചിനോടുകൂടിയാണ് പുതിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 എത്തിയിരിക്കുന്നത്. ഇതിലെ ക്വാല്‍കോം ഹെക്സഗണ്‍ എന്‍പിയു 98 ശതമാനം വേഗവും 40 ശതമാനം കൂടുതല്‍ പ്രവര്‍ത്തനക്ഷമതയും സ്നാപ്ഡ്രാഗണ്‍ 8ജെന്‍ 3യ്ക്ക് നല്‍കുന്നു. അനുയോജ്യമായ ഡിസ്പ്ലേകളില്‍ 240 എഫ്പിഎസ് ഗെയിമിങ് പിന്തുണയ്ക്കും. അഡ്രിനോ ജിപിയുവിന്റെ പിന്‍ബലത്തില്‍ 25 ശതമാനം കൂടുതല്‍ വേഗവും മികവും കമ്പനി വാഗ്ദാനം ചെയ്യുന്നു. മുന്‍ഗാമിയേക്കാള്‍ 25 ശതമാനം സ്നാപ്ഡ്രാഗണ്‍ 8ജെന്‍ 3 ന് വേഗം കൂടുതലും മികച്ചതുമാണെന്ന് കമ്പനി അഭിപ്രായപ്പെടുന്നു. 5ജി സൗകര്യമുള്ള ചിപ്പില്‍ വൈഫൈ 7 ഉം ഡ്യുവല്‍ ബ്ലൂടൂത്ത് സംവിധാനവുമുണ്ട്.

എഐ അധിഷ്ഠിത കാമറ ഫീച്ചറുകളും പുതിയ ചിപ്പ് പിന്തുണയ്ക്കും. വീഡിയോയില്‍ നിന്ന് അനാവശ്യ വസ്തുക്കളോയും ആളുകളെയും ഒഴിവാക്കാന്‍ സാധിക്കുന്ന ആര്‍ക് സോഫ്റ്റിന്റെ വീഡിയോ ഒബ്ജക്ട് ഇറേസര്‍ സംവിധാനം ചിപ്പിലുണ്ട്. സാംസങിന്റെ 200 മെഗാപിക്സല്‍ ഇമേജ് സെന്‍സറിന്റെ പിന്‍ബലത്തില്‍ മികച്ച സൂം ശേഷിയും പ്രൊസസര്‍ നല്‍കും. ഇതുവഴി മള്‍ടിപ്പിള്‍ വീഡിയോ കാപ്ചര്‍, ഒബ്ജക്ട് ട്രാക്കിങ് എന്നിവ സാധ്യമാണ്. ഡോള്‍ബി എച്ച്ഡിആര്‍, എഐയുടെ പിന്‍ബലത്തില്‍ ഫോട്ടോയുടെ ഗുണമേന്മ മെച്ചപ്പെടുത്താനാവുന്ന ഫോട്ടോ എക്സ്പാന്‍ഷന്‍ സംവിധാനങ്ങളും സ്നാപ്ഡ്രാഗണ്‍ 8 ജെന് 3 യിലൂടെ ഫോണുകളില്‍ ലഭ്യമാവും.

കണക്ടിവിറ്റിക്കായി ക്വാല്‍കോം ഫാസ്റ്റ് കണക്ട് 7800 സിസ്റ്റമാണ് ഉപയോഗിച്ചിട്ടുള്ളത്. സ്നാപ്ഡ്രാഗണ്‍ 8ജെന്‍ 2 ലും ഇത് തന്നെയായിരുന്നു. Wi-Fi 7 802.11be, 802.11ax, 802.11ac, 802.11a/b/g/n, Bluetooth 5.4 എന്നിവ ഇത് പിന്തുണയ്ക്കും. സ്നാപ്ഡ്രാഗണ്‍ എക്സ്75 5ജി മോഡം-ആര്‍എഫ് സിസ്റ്റം ആണ് പുതിയ ചിപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. എഐ ടെന്‍സര്‍ ഹാര്‍ഡ് വെയര്‍ ആക്സിലറേറ്ററുമായെത്തുന്ന ലോകത്തിലെ ആദ്യ 5ജി മോഡം ആണിതെന്നും കമ്പനി അവകാശപ്പെടുന്നു.

Top