സ്മാര്‍ട്‌ഫോണ്‍ പ്രൊസസര്‍ ചിപ്പുകള്‍ക്ക് പേരിടുന്ന രീതിയിൽ മാറ്റം വരുത്താന്‍ ക്വാല്‍കോം

ലോകത്തിലെ മുന്‍നിര സെമികണ്ടക്ടര്‍ നിര്‍മാതാക്കളാണ് ക്വാല്‍കോം. ക്വാല്‍കോം പുറത്തിറക്കുന്ന സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍ ചിപ്പുകളാണ് ഇന്ന് വിപണിയിലുള്ള മിക്ക സ്മാര്‍ട്‌ഫോണുകളിലുമുള്ളത്. 5ജി സാങ്കേതികവിദ്യയോടുകൂടിയ 8 സീരീസ് പ്രൊസസറുകളാണ് ഇതില്‍ ഏറ്റവും പുതിയവ.

സ്‌നാപ്ഡ്രാഗണ്‍ എന്ന് പേരിനൊപ്പം മൂന്നക്ക സംഖ്യകള്‍ ചേര്‍ത്താണ് ക്വാല്‍കോം സ്മാര്‍ട്‌ഫോണ് ചിപ്പുകള്‍ക്ക് പേര് നല്‍കിയിരുന്നത്. സ്‌നാപ്ഡ്രാഗണ്‍ 888 5ജി, സ്‌നാപ്ഡ്രാഗണ്‍ 78ജി, സ്‌നാപ്ഡ്രാഗണ്‍ 665 എന്നിങ്ങനെ. എന്നാല്‍ ഭാവിയില്‍ പുറത്തിറക്കാന്‍ പോവുന്ന സ്മാര്‍ട്‌ഫോണ്‍ പ്രൊസസര്‍ ചിപ്പുകള്‍ക്ക് പേരിടുന്ന രീതിയിലും അവയെ ഓരോന്നിനേയും വേര്‍തിരിക്കുന്ന രീതിയിലും മാറ്റം വരുത്താന്‍ പോവുകയാണ് ക്വാല്‍കോം.

അതായത് ഇനി വരാനിരിക്കുന്ന സ്‌നാപ്ഡ്രാഗണ്‍ 898 പ്രൊസസര്‍ ചിപ്പിന് മുന്‍ഗാമികളുടെ പേരിന് സമാനമായ പേര് ആയിരിക്കില്ല. മാത്രവുമല്ല ഇനി പുറത്തിറക്കാനിരിക്കുന്ന എല്ലാ വിഭാഗത്തില്‍ പെട്ട സ്മാര്‍ട്‌ഫോണ്‍ ചിപ്പ് സെറ്റുകള്‍ക്കും ക്വാല്‍കോം പുതിയ നാമകരണ രീതി തന്നെയായിരിക്കും അവലംബിക്കുക.

വിവിധ വിഭാഗത്തിലുള്ള ചിപ്പുകളെ തിരിച്ചറിയാന്‍ അവ ഓരോന്നിനും വ്യത്യസ്ത നിറങ്ങള്‍ അവതരിപ്പിക്കാനും ക്വാല്‍കോം പദ്ധതിയിടുന്നു. ഉദാഹരണത്തിന് പ്രീമിയം വിഭാഗത്തില്‍ പെടുന്ന ചിപ്പുകള്‍ക്ക് അതായത് സ്‌നാപ്ഡ്രാഗണ്‍ 888 പ്ലസിന് പിന്‍ഗാമിയായെത്തുന്ന ചിപ്പ് സെറ്റുകള്‍ക്ക് സ്വര്‍ണ നിറം നല്‍കും. ഇതിന് താഴെ വരുന്ന വിഭാഗങ്ങള്‍ക്ക് മിഡ്‌നൈറ്റ്, ഗണ്‍മെറ്റല്‍ തുടങ്ങിയ നിറങ്ങളും നല്‍കും.

ഇത് കൂടാതെ ചിപ്പ് സെറ്റുകള്‍ക്ക് മുകളിലുള്ള ‘5G’ ടാഗ് ഒഴിവാക്കും. ഭാവിയില്‍ 5ജി ചിപ്പുകള്‍ സര്‍വ്വസാധാരണമാകും എന്നതിനാലാണ് ഈ തീരുമാനമെന്ന് ക്വാല്‍കോം പറയുന്നു.

ഒരു കാലത്ത് ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ ചിപ്പ് സെറ്റുകളെ തിരിച്ചറിയുക എളുപ്പമുള്ള കാര്യമായിരുന്നു. മൂന്നക്ക സംഖ്യയാണ് ഇവയെ വേര്‍തിരിക്കാനായി നല്‍കിയിരുന്നത്. ഇതില്‍ ആദ്യത്തെ അക്കം ആ ചിപ്പ് ഏത് സീരീസില്‍ വരുന്നതാണെന്ന് കാണിക്കുന്നതും. മറ്റ് രണ്ട് അക്കങ്ങള്‍ പഴയ പതിപ്പില്‍ നിന്ന് അവയെ വേര്‍തിരിക്കുന്നതുമാണ്.

ഈ നാമകരണ രീതിയാണ് ക്വാല്‍കോം ഇതുവരെ പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ ഈ രീതിയില്‍ നിരവധി പ്രൊസര്‍ ചിപ്പുകള്‍ രംഗത്തിറങ്ങിയതോടെ ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാവാന്‍ തുടങ്ങി.വിവിധ തലമുറയില്‍ പെട്ട പ്രൊസസര്‍ ചിപ്പ് സെറ്റുകളെ എങ്ങനെയാണ് വേര്‍തിരിക്കാന്‍ പോവുന്നത് എന്ന് വ്യക്തമല്ല. എന്നാല്‍ വരും ദിവസങ്ങളില്‍ തന്നെ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നേക്കും. നവംബര്‍ 30 ന് നടക്കാനിരിക്കുന്ന ക്വാല്‍കോമിന്റെ ഒരു അവതരണ പരിപാടിയില്‍ വരാനിരിക്കുന്ന സ്‌നാപ്ഡ്രാഗണ്‍ 898 പ്രൊസസറിന്റെ പേര് എങ്ങനെയാലവുമെന്ന് വ്യക്തമായറിയാനാവും.

Top