ക്വാല്‍കോം പുതിയ സ്‌നാപ്ഡ്രാഗണ്‍ 675 ചിപ്‌സെറ്റ് പുറത്തിറക്കി

മുന്‍നിര ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോം പുതിയ സ്നാപ്ഡ്രാഗണ്‍ 675 ചിപ്പ് പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ സ്നാപ്ഡ്രാഗണ്‍ 670 ചിപ്പിന്റെ പിന്‍ഗാമിയാണ് പുതിയ പതിപ്പ്. അഡ്രിനോ 612 ജിപിയു, ഒക്ടാകോര്‍ ക്രയോ 460 സിപിയു, 11 നാനോമീറ്റര്‍ എല്‍പിപി പ്രൊസസര്‍ സാങ്കേതിക വിദ്യ എന്നിവയാണ് പുതിയ സ്നാപ്ഡ്രാഗണ്‍ 675 ചിപ്സെറ്റില്‍ ഉപയോഗിച്ചിട്ടുള്ളത്.

ഗെയിമിങ്, ഫോട്ടോഗ്രഫി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ മൂന്ന് മേഖലകളാണ് സ്നാപ്ഡ്രാഗണ്‍ 675 പ്രൊസസര്‍ പ്രധാനമായും കൈകാര്യം ചെയ്യുന്നത്. ക്വാല്‍കോമിന്റെ ക്വിക്ക് ചാര്‍ജ് 4 പ്ലസ് സാങ്കേതികവിദ്യയെയും പുതിയ ചിപ്പ് പിന്തുണയ്ക്കും. വിആര്‍ ഹെഡ്സെറ്റുകള്‍, വയര്‍ലെസ് സ്പീക്കറുകള്‍, ക്യാമറകള്‍, പവര്‍ബാങ്ക് എന്നിവയിലെല്ലാം ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്.

അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും സ്നാപ്ഡ്രാഗണ്‍ 675 ചിപ്സെറ്റ് നല്‍കുന്നു ഇതിനായി 600 എംബിപിഎസ് എല്‍ടിഇ കണക്റ്റിവിറ്റി നല്‍കുന്ന സ്നാപ്ഡ്രാഗണ്‍ എക്സ്12 എല്‍ടിഇ മോഡം ചിപ്പിലുണ്ട്. ഇത് കൂടാതെ ട്രൈബാന്‍ഡ്, വൈഫൈ 802.11ac 2×2, എംയു മിമോ കണക്റ്റിവിറ്റി സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഒന്നില്‍ കൂടുതല്‍ ഉപകരണങ്ങളിലേക്ക് ഓഡിയോ ബ്രോഡ്കാസ്റ്റിനുള്ള സൗകര്യം, അള്‍ട്രാ ലോ പവര്‍ വയര്‍ലെസ് ഹെഡ്ഫോണുകള്‍ ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കാനുള്ള സൗകര്യം, ക്വാല്‍കോം ട്രൂ വയര്‍ലെസ് സ്റ്റീരിയോ സാങ്കേതിക വിദ്യ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

ഈ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണുകള്‍ക്ക് മൂന്ന് റിയര്‍ ക്യാമറാ ലെന്‍സുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. അത് 5എക്സ് സൂം സൗകര്യത്തോടെ. പോര്‍ട്രെയ്റ്റ് മോഡ്, ബോക്കെ ഇഫക്റ്റ് എന്നിവയും എച്ച്ഡിആര്‍ സൗകര്യവും ഇതില്‍ ഉണ്ടാവും. ഫ്രണ്ട് ക്യാമറ സെന്‍സറുകള്‍ക്ക് 3ഡി ഫെയ്സ് അണ്‍ലോക്ക് സൗകര്യങ്ങള്‍ ലഭ്യമാക്കാം.

Top