ക്വാഡന് ഡിസ്‌നിലാന്റില്‍ പോകണ്ട, ആ പണം സന്നദ്ധ പ്രവര്‍ത്തനത്തിന്

യരക്കുറവിന്റെ പേരില്‍ സഹപാഠികളുടെ പരിഹാസം കേട്ടുമടുത്ത്, എനിക്ക് മരിച്ചാല്‍മതിയെന്ന് കണ്ണീരോടെ പറഞ്ഞ ഓസ്‌ട്രേലിയക്കാരനായ ഒമ്പതുവയസ്സുകാരന്‍ ക്വാഡന്‍ ബെയില്‍സിനെ ആരും മറന്നിട്ടുണ്ടാവില്ല. ക്വാഡന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് സഹായവുമായി എത്തിയത്.ക്വാഡനെ സാമ്പത്തികമായി പിന്തുണയ്ക്കാനും നിരവധിപേര്‍ മുന്നോട്ടുവന്നിരുന്നു.

എന്നാല്‍, തനിക്കു ലഭിച്ച ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തികസഹായം സന്നദ്ധപ്രവര്‍ത്തനത്തിന് സംഭാവന ചെയ്യാനൊരുങ്ങുകയാണ് ക്വാഡനും അമ്മയും. യു.എസ്. കൊമേഡിയന്‍ ബ്രാഡ് വില്യംസാണ് ഗോ ഫണ്ട് മി എന്ന പേജിലൂടെ ക്വാഡനു വേണ്ടി ധനസമാഹരണം ആരംഭിച്ചത്. ക്വാഡന്റെ വീഡിയോ കണ്ടതിനു പിന്നാലെയായിരുന്നു ഇത്.

ക്വാഡനെയും അമ്മ യരാക്കയെയും ഡിസ്‌നിലാന്‍ഡിലേക്ക് അയക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ധനസമാഹാരണം.475,000 യു.എസ്. ഡോളറാണ് (ഏകദേശം മൂന്നുകോടി നാല്‍പ്പതുലക്ഷത്തോളം രൂപ) വന്നുചേരുകയും ചെയ്തു. എന്നാല്‍, ക്വാഡനും അമ്മയും ഡിസ്‌നിലാന്‍ഡിലേക്ക് പോകുന്നില്ലെന്നും പകരം ആ തുക സന്നദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ക്വാഡന്റെ ആന്റി ഓസ്‌ട്രേലിയയിലെ എന്‍.ഐ.ടി.വി. ന്യൂസിനോടു പ്രതികരിച്ചു.

Top