ക്വാഡ് ഉച്ചകോടി; പ്രധാനമന്ത്രി അടുത്ത ആഴ്ച അമേരിക്കയില്‍

ന്യൂഡല്‍ഹി: അമേരിക്കയില്‍ നടക്കുന്ന ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. സെപ്തംബര്‍ 24ന് വാഷിങ്ടണില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയിലാണ് ഉച്ചകോടി. ജാപ്പനീസ് പ്രധാനമന്ത്രി യോഷിന്‍ഡെ സുഗയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ഉച്ചകോടിയില്‍ പങ്കെടുക്കും.

ഇന്ത്യ, യുഎസ്, ജപ്പാന്‍, ആസ്‌ട്രേലിയ എന്നീ ക്വാഡ് രാജ്യങ്ങളിലെ രാഷ്ട്രതലവന്‍മാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഓണ്‍ലൈനായി നടത്തിയ ഉച്ചകോടിയുടെ പുരോഗതി നേതാക്കള്‍ വിലയിരുത്തും. കോവിഡ് നിയന്ത്രണത്തിനായി മാര്‍ച്ചില്‍ പ്രഖ്യാപിച്ച ക്വാഡ് വാക്‌സിന്‍ സംരംഭവും മേഖലയിലെ പ്രശ്‌നങ്ങളും ഉച്ചകോടി അവലോകനം ചെയ്യുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സൈബര്‍ സുരക്ഷ, കടല്‍ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളും ഉച്ചകോടി ചര്‍ച്ച ചെയ്യും. അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍മാറ്റത്തോടെ അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അമേരിക്ക വലിയ വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് ക്വാഡ് ഉച്ചകോടി നടക്കുന്നത്.

അഫ്ഗാന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയ്ക്ക് വന്നേക്കുമെന്നാണ് കരുതുന്നത്. ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുത്തതിന് പിന്നാലെ സെപ്റ്റംബര്‍ 25ന് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തെയും പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യും.

 

Top