ക്യൂആര്‍ കോഡുകള്‍ കൂട്ടിയിട്ട് കത്തിച്ചു; പേ ടി എം ജീവനക്കാര്‍ക്കെതിരെ ഫോണ്‍പേ

ന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്തെ ഏറ്റവും വലിയ എതിരാളികളാണ് ഫോണ്‍പേയും പേടിഎമ്മും. ഇവര്‍ തമ്മിലുള്ള മത്സരവും മറ്റ് പോരടിക്കലുകളും ഫിന്‍ടെക് രംഗം പലപ്പോഴായി ഏറെ ചര്‍ച്ച ചെയ്തിട്ടുള്ള വിഷയമാണ്.

എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇരു കമ്പനികളുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്ത് വരികയാണ്. തങ്ങളുടെ ക്യൂര്‍ കോഡ് കത്തിച്ചതില്‍, പേടിഎം ജീവനക്കാര്‍ക്കെതിരെ ഫോണ്‍പേ പൊലീസില്‍ പരാതി നല്‍കി.

തങ്ങളുടെ ക്യൂര്‍ കോഡ് പാഡുകള്‍ പേടിഎം ജീവനക്കാര്‍ കൂട്ടിയിട്ട് കത്തിച്ചതായി കാട്ടിയാണ് ഫോണ്‍പേ പൊലീസില്‍ പരാതി നല്‍കിയത്. പേടിഎമ്മിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് ഫോണ്‍പേ പരാതി നല്‍കിയിരിക്കുന്നത്. ഇതില്‍ ഒരാള്‍ നേരത്തെ ഫോണ്‍പേയില്‍ ജോലി ചെയ്തിരുന്ന ആളാണെന്നും കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു.

പേടിഎം ജീവനക്കാര്‍ ഫോണ്‍പേയുടെ ക്യുആര്‍ കോഡ് പാഡുകള്‍ കൂട്ടത്തോടെ കത്തിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. പിന്നാലെയാണ് കമ്പനി പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഗ്രേറ്റര്‍ നോയിഡ ഏരിയയിലെ സൂരജ്പൂര്‍ ലഖ്‌നവാലി പോലീസ് സ്റ്റേഷനിലാണ് ജൂലൈ 29 ന് ഫോണ്‍പേ പരാതി നല്‍കിയത്. സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കമ്പനിയുടെ പരാതിയില്‍ പറയുന്നുണ്ട്.

ക്യൂആര്‍ കോഡുകള്‍ കത്തിച്ച സംഭവത്തില്‍ കമ്പനിയ്ക്ക് പങ്കില്ലെന്നാണ് പേടിഎം പറയുന്നത്. ഫോണ്‍പേയും മുന്‍ ജീവനക്കാരും തമ്മിലുള്ള പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നും പേടിഎം പ്രതികരിച്ചു. ജീവനക്കാരുടെ പ്രവര്‍ത്തിയെ അപലപിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിനായി ഇവരെ സസ്പെന്‍ഡ് ചെയ്തതായും പേടിഎം അറിയിച്ചു.

 

Top