ക്യൂബി വീഡിയോ സ്ട്രീമിങ് സേവനം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ക്യൂബി വീഡിയോ സ്ട്രീമിങ് സേവനം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പരിപാടികള്‍ സംപ്രേഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആറ് മാസങ്ങള്‍ക്ക് മുമ്പ് ക്യുബി അവതരിപ്പിക്കപ്പെട്ടത്.

കഥപറയലിന്റെ വരുംകാല രീതി സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ക്യുബി ആരംഭിച്ചതെന്ന് സ്ഥാപകനും ബോര്‍ഡ് ചെയര്‍മാനുമായ ജെഫ്രി കാറ്റ്സെന്‍ബെര്‍ഗ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ക്യുബി അവതരിപ്പിക്കപ്പെട്ടതിന് ശേഷം ലോകത്ത് നാടകീയമായ മാറ്റങ്ങള്‍ സംഭവിക്കുകയും തങ്ങളുടെ സവിശേഷമായരീതി പ്രസക്തമല്ലാതായിത്തീരുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു.

നിര്‍മാണ ഘട്ടത്തില്‍ തന്നെ ക്യുബി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. മുന്‍ എച്ച്പി സിഇഓ മെഗ് വിറ്റ്മാന്‍ സിഇഓ ആയി ചുമതലയേറ്റ ക്യുബിയില്‍ 200 കോടി ഡോളറിന്റെ നിക്ഷേപവും വന്നു.

എന്നാല്‍ പ്രവര്‍ത്തിക്കാനുള്ള മൂലധനം കയ്യിലുണ്ടായിരുന്നിട്ടും ക്യുബിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും ഓഹരി പങ്കാളികള്‍ക്ക് പണം തിരികെ നല്‍കാനും കമ്പനി തീരുമാനിക്കുകയായിരുന്നുവെന്ന് വിറ്റ്മാന്‍ പറഞ്ഞു.

അവതരിപ്പിക്കപ്പെട്ട ആദ്യ ആഴ്ചയില്‍ ആപ്പ്സ്റ്റോറില്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളുടെ പട്ടികയില്‍ നിന്നും ക്യുബി പിന്നോട്ട് പോയി.

എന്നാല്‍ കോറോണ വൈറസ് വ്യാപനവും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ക്യുബിയ്ക്ക് തിരിച്ചടിയായെന്നും കാറ്റ്സെന്‍ബെര്‍ഗ് പറയുന്നു.

നൂറിലധികം ഒറിജിനല്‍ സീരീസുകളായിരുന്നു ക്യുബിയില്‍ ഉണ്ടായിരുന്നത്. അതില്‍ ഫ്രീ റേ ഷോണ്‍ എന്ന സീരീസിന് രണ്ട് ക്രിയേറ്റീവ് ആര്‍ട്സ് എമ്മി പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്തു.

പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചെങ്കിലും എന്ന് മുതല്‍ സ്ട്രീമിങ് അവസാനിപ്പിക്കും എന്ന് വ്യക്തമാക്കിയിട്ടില്ല.

Top