ഖത്തര്‍ അമീര്‍ ഫ്രാന്‍സില്‍ ; ഇമ്മാനുവേല്‍ മാക്രോണുമായി കൂടിക്കാഴ്ച്ച നടത്തി

ഫ്രാന്‍സിലെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി കൂടിക്കാഴ്ച്ച നടത്തി. തന്ത്രപ്രധാനമേഖലകളിലെ ഉഭയകക്ഷി സഹകരണം സംബന്ധിച്ച വിഷയങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി.

ന്യൂയോര്‍ക്കില്‍ അടുത്ത വാരം നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തര്‍ അമീര്‍ ഫ്രാന്‍സിലെത്തിയത്. ഫ്രാന്‍സിന്റെ ഉന്നത രാഷ്ട്രനേതാക്കള്‍ ചേര്‍ന്ന് അമീറിനെ സ്വീകരിച്ചു.

മേഖലയിലെ ഏറ്റവും പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളും ഇരു രാഷ്ട്രനേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്തായി സംയുക്ത വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. നിക്ഷേപ മേഖലയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വലിയ സാധ്യതകളാണ് ഭാവിയില്‍ തുറന്നിടാന്‍ പോകുന്നത്. കൂടാതെ ഭീകരപ്രവര്‍ത്തനങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനും മേഖലയിലെ രാഷ്ട്രീ പ്രതിസന്ധികളില്‍ പരിഹാരം കാണുന്നതിനും ഇരുരാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരിസ്ഥിതി കാര്‍ഷിക മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനായി ഇരുരാജ്യങ്ങളിലെ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ തമ്മില്‍ പുതിയ കരാറുകളില്‍ ഒപ്പുവെച്ചതായും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷം അമീര്‍ നാളെ ബ്രിട്ടനിലേക്ക് പോകും.

Top