ഭീകരര്‍ക്ക് സഹായം നല്‍കുന്നു; ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

കെയ്‌റോ: ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ഭീകരര്‍ക്ക് സഹായം നല്‍കുന്നു എന്നാരോപിച്ചാണ് ഗള്‍ഫ് രാജ്യങ്ങളുടെ ഈ തീരുമാനം.

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം ഉപേക്ഷിച്ച രാജ്യങ്ങള്‍. ഖത്തറിന്റെ ശത്രുതാപരമായ നിലപാടുകളാണ് കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഖത്തറിലെ എംബസികളടച്ച രാജ്യങ്ങള്‍, തങ്ങളുടെ ജീവനക്കാരെ ഇവിടെനിന്നു പിന്‍വലിക്കുമെന്നും വ്യക്തമാക്കി. ഗള്‍ഫ് മേഖലയിലെ സുരക്ഷ ഖത്തര്‍ അസ്ഥിരമാക്കിയെന്ന് യുഎഇ പറഞ്ഞു. യെമനില്‍ പോരാട്ടം നടത്തുന്ന സഖ്യസേനയില്‍നിന്ന് ഖത്തറിനെ ഒഴിവാക്കിയതായി സൗദിയും വ്യക്തമാക്കി.

ഖത്തറുമായുള്ള വ്യോമ നാവിക ഗതാഗത സംവിധാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഗതാഗതം അവസാനിപ്പിക്കുന്നത് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസിനെയും ഗുരുതരമായി ബാധിക്കും.

അതേസമയം, ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം തങ്ങളെ ബാധികില്ലെന്നു ഖത്തര്‍ അധികൃതര്‍ അറിയിച്ചു.

ഉപരോധമേര്‍പ്പെടുത്തിയ ഗള്‍ഫ് രാഷ്ട്രങ്ങളുടെ നടപടി നിരാശാജനകമാണെന്നും. ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഖത്തര്‍ അധികൃതര്‍ പറഞ്ഞു.

Top