ജയിക്കാനുറച്ച് പോർച്ചുഗൽ, അട്ടിമറി സൗന്ദര്യവുമായി മൊറോക്കോ; ലോകകപ്പിൽ ഇന്ന് രണ്ട് മത്സരങ്ങൾ

ലോകകപ്പിൽ ക്വാർട്ടറിൽ ഇന്ന് പോർച്ചുഗൽ മൊറോക്കോയെ നേരിടും. രാത്രി 8.30ന് അൽ തുമാമ സ്റ്റേഡിയത്തിലാണ് മത്സരം.മറ്റൊരു മത്സരത്തിൽ ഫ്രാൻസ് ഇംഗ്ലണ്ടിനെ നേരിടും. രാത്രി 12.30ന് അൽബെയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം. സെമി ഫൈനൽ ലക്ഷ്യം വച്ച് ഇരു മത്സരങ്ങളും തീ പാറുമെന്ന് ഉറപ്പ്.

ആദ്യ ഇലവനിൽ റൊണാൾഡോ ഉണ്ടാകുമോ എന്ന കൗതുകം പോർച്ചുഗൽ ആരാധകർക്കുണ്ട്. അവസാന എട്ടിൽ സാൻ‍റോസിൻറെ തന്ത്രങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. റൊണാൾഡോയ്ക്ക് പകരമെത്തിയ റാമോസ് ഫോമിലായത് സാന്റോസിനും പോർച്ചുഗലിനും ആത്മവിശ്വാസം നൽകുന്നു. ബ്രൂണോ ഫെർണാണ്ടസും ബെർണാഡോ സിൽവയും അവസരങ്ങൾ സൃഷ്ടിക്കുകയും ഗോൾ നേടുകയും ചെയ്യുന്നു.

കായിക ക്ഷമതയും വേഗവുമാണ് മൊറോക്കോ ടീമിൻറെ കരുത്ത്. തന്ത്രങ്ങളെ കളത്തിൽ ഫലിപ്പിക്കാൻ കഴിവുണ്ട് ടീമിന്. അഷ്റഫ് ഹക്കിമി നയിക്കുന്ന പ്രതിരോധവും ബൗഫലിൻറെ മധ്യനിരയും ഒരോ കളിയും മെച്ചപ്പെടുന്നുണ്ട്. മുന്നേറ്റത്തിൽ സിയേച്ചിൻറെ കാലിലാണ് പ്രതീക്ഷ. സ്പെയിനെതിരായ ടീമിൽ കാര്യമായ മാറ്റം ഉണ്ടായേക്കില്ല.

കിരീടവും കൊണ്ട് ഖത്തറിലെത്തിയ ഫ്രഞ്ച് പട അതുമായി തന്നെ മടങ്ങാനുള്ള പോരാട്ടത്തിലാണ്. കിലിയൻ എംബാപ്പെ ഗോൾ വല കുലുക്കിയാൽ ഫ്രാൻസിന് സെമിയിലേക്കുള്ള പോക്ക് എളുപ്പമാകും. ജിറൂദും ഗ്രീസ്മാനും ഡെംബലെയും ഫോമിൽ തന്നെ. ഗോൾ വലയ്ക്ക് കീഴിലുള്ള ഹ്യൂഗോ ലോറിസൻറെ പ്രകടനവും നിർണായകമാകും.

Top