ഖത്തര്‍ ലോകകപ്പ്: മര്‍ക്വിഞ്ഞോയുടെ പരിക്കിൽ ബ്രസീലിന് ആശങ്ക

ദോഹ: ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ബ്രസീലിന് ആശങ്കയായി പ്രതിരോധനിര താരം മര്‍ക്വിഞ്ഞോസിന്റെ പരിക്ക്. ചൊവ്വാഴ്ച നടന്ന പരിശീലന സെഷനില്‍ നിന്ന് മര്‍ക്വിഞ്ഞോസ് വിട്ടു നിന്നതാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്. സെര്‍ബിയക്കെതിരായ ആദ്യ മത്സരത്തിന് ഒമ്പത് ദിവസം മാത്രം ബാക്കിയിരിക്കെയാണ് പ്രതിരോധനിരയിലെ കരുത്തനായ മര്‍ക്വിഞ്ഞോസിന് പരിക്കേറ്റത്. ബ്രസീലിന്റെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ സ്ഥാനമുറപ്പുള്ള താരമാണ് മര്‍ക്വിഞ്ഞോസ്.

കഴിഞ്ഞ ദിവസം യുവന്റസിന്റെ പരിശീലന മൈതാനമായ ടുറിനിലാണ് ബ്രസീല്‍ ടീം പരിശീലനത്തിന് ഇറങ്ങിയത്. എന്നാല്‍ മര്‍ക്വിഞ്ഞോസ് ലോകകപ്പില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ആശങ്കപ്പെടാനില്ലെന്നാണ് ബ്രസീല്‍ ടീം വൃത്തങ്ങള്‍ പറയുന്നത്. ഫ്രഞ്ച് ലീഗില്‍ പിഎസ്‌ജിക്ക് വേണ്ടി കളിക്കുന്ന മര്‍ക്വിഞ്ഞോസിന് ലോകകപ്പ് ഇടവേളക്ക് മുമ്പ് ഓക്സെറെയ്ക്കെതിരായ മത്സരത്തിനിടെയാണ് കാലിലെ മസിലുകളില്‍ വേദന അനുഭവപ്പെട്ടത്.

തിങ്കളാഴ്ച ടൂറിനില്‍ നടന്ന ബ്രസീല്‍ ടീമിന്റെ ആദ്യ പരിശീലന സെഷനില്‍ ക്യാപ്റ്റന്‍ നെയ്മര്‍ ജൂനിയര്‍ ഉള്‍പ്പെടെ 14 കളിക്കാരാണ് പങ്കെടുത്തത്. അഞ്ച് ദിവസം ടുറിനില്‍ പരിശീലനം തുടരുന്ന ബ്രസീല്‍ ശനിയാഴ്ചയാണ് ലോകകപ്പിനായി ഖത്തറിലേക്ക് പോകുക. 25നാണ് സെര്‍ബിയക്കെതിരായി ബ്രസീലിന്റെ ആദ്യ മത്സരം. 28ന് സ്വിറ്റ്സര്‍ലന്‍ഡിനെയും ഡിസംബര്‍ മൂന്നിന് കാമറൂണിനെയും ബ്രസീല്‍ നേരിടുക.

Top