ഖത്തർ ലോകകപ്പിന് നാളെ കിക്കോഫ്

ത്തർ ലോകകപ്പിന് നാളെ കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ-ഇക്വഡോറിനെ നേരിടും. ഉദ്ഘാടന ചടങ്ങുകൾ രാത്രി 7.30 മുതൽ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കും.

നവംബർ ഇരുപതിൽ ഖത്തറിന്റെ ആകാശത്ത് പുതിയ ലാവുദിക്കും. 29 രാവുകളിൽ ലോകമാകെ ആ വെളിച്ചം പരക്കും. ആയിരത്തിയൊന്ന് രാവുകളിലെ കഥകളോളം കഥകളുണ്ടാകും.മെസിക്കും നെയ്മറിനും റൊണാൾഡോക്കും ബെൻസേക്കുമെല്ലാം ആ കഥകളിൽ ഷഹരിയാറിന്റെ ഛായയാകും. ഷഹറസാദ കഥകൾ പറഞ്ഞ ഷഹരിയാറിന്റെ. അലാവുദീന്റെ അത്ഭുത വിളക്ക് പോലെ ഡെൻമാർക്കോ കോസ്റ്റാറിക്കയോ ക്രൊയേഷ്യയോ, നമ്മളുടെ ചിന്തകളിലില്ലാത്ത മറ്റേതെങ്കിലും സംഘമോ അത്ഭുത വിളക്കാകും. 800 കോടി ജനങ്ങളിൽ 831 പേർ മാത്രം കളിക്കുന്നതിനെ ലോകം മുഴുവൻ കണ്ടിരിക്കും. 195 രാജ്യങ്ങളിൽ 32 രാജ്യങ്ങൾ മാത്രം കളിക്കുന്നത് കാണാൻ 12 ലക്ഷം പേരെങ്കിലും ഖത്തറിലെത്തും.

ഗോത്ര വിഭാഗങ്ങളുടെ കൂരയോടുപമിക്കുന്ന അൽബെയ്ത്ത് സ്റ്റേഡിയവും തൊപ്പി പോലെ തിളങ്ങുന്ന അൽ തുമാമയും പരമ്പരാഗത പായ്ക്കപ്പലിനെ ഓർമിപ്പിക്കുന്ന അൽ ജനൂബും അവരെ വരവേൽക്കും.

Top