ഖത്തർ ലോകകപ്പില്‍ 12 ലക്ഷം കാണികളെത്തുമെന്ന് പ്രതീക്ഷ

ദോഹ: അറബ് ലോകത്തേക്ക് ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പില്‍ ഖത്തര്‍ പ്രതീക്ഷിക്കുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 12 ലക്ഷം കാണികളെ. 2022 നവംബര്‍ 21ന് കിക്കോഫ് കുറിച്ച് ഡിസംബര്‍ 18ന് സമാപിക്കുന്ന ലോകകപ്പില്‍ സന്ദര്‍ശകരും കാണികളുമായി ലോകത്തിന്റെ വിവിധ കോണില്‍ നിന്നും ജനമൊഴുകും എന്നാണ് പ്രതീക്ഷ. ഇവരെ വരവേല്‍ക്കാനായി ഹോട്ടലുകളും അതിനൂതനമായ പാര്‍പ്പിട സംവിധാനങ്ങളുമായി ഖത്തര്‍ സജ്ജമാവുകയാണെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി കമ്യൂണിക്കേഷന്‍ മേധാവി ഫാതിമ അല്‍ നുഐമി പറഞ്ഞു.ലോകകപ്പിന്റെ 28 ദിവസങ്ങളിലായി 12 ലക്ഷത്തില്‍ ഏറെപേര്‍ രാജ്യത്ത് സന്ദര്‍ശകരായി വരുമെന്നാണ് പ്രതീക്ഷ

ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച ലോകകപ്പിന് വേദിയൊരുക്കുന്ന ഖത്തര്‍ ചെറിയ രാജ്യത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് വൈവിധ്യമാര്‍ന്ന സജ്ജീകരണങ്ങളോടെയാണ് 12 ലക്ഷം കാണികളെ സ്വാഗതം ചെയ്യുന്നത്. പരമ്പരാഗതമായ രീതിയിലെ ഹോട്ടല്‍ താമസ സൗകര്യങ്ങള്‍ക്കു പുറമെ, ക്രൂയിസ് കപ്പലുകള്‍, ഫാന്‍ വില്ലേജുകള്‍, മരുഭൂമികളില്‍ ഒരുക്കുന്ന തമ്പുകള്‍, സ്വദേശികളുടേത് ഉള്‍പ്പെടെയുള്ള വീടുകള്‍ തുടങ്ങിയ വേറിട്ട സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്.

1600 റൂമുകളുമായി 16 ഫേ്‌ലാട്ടിങ് ഹോട്ടലുകളാണ് ലോകകപ്പിന്റെ ഭാഗമായി തയാറാക്കുന്നത്. ഇതിനു പുറമെയാണ് ‘ഹോസ്റ്റ് എ ഫാന്‍’ എന്ന പദ്ധതിയുമായി സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി രംഗത്തെത്തിയത്. രജിസ്റ്റര്‍ ചെയ്ത സ്വദേശികള്‍ക്ക് സ്വന്തം വീട്ടില്‍ കാണികളെ സ്വീകരിക്കുന്നതാണ് ‘ഹോസ്റ്റ് എ ഫാന്‍’ പദ്ധതി. ഇതുവഴി ഖത്തറിന്റെ സംസ്‌കാരവും പാരമ്പര്യവും വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിചയപ്പെടുത്താമെന്നാണ് കണക്കൂകൂട്ടല്‍.

Top