ഖത്തറില്‍ വാട്ട്‌സ്ആപ്പ് ഹാക്കര്‍മാര്‍ സജീവം; ജാഗ്രതാ മുന്നറിയിപ്പ്‌

ദോഹ: വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളിലേക്ക് കടന്നുകയറി അവയുടെ നിയന്ത്രണം കൈക്കലാക്കുന്ന ഹാക്കര്‍മാര്‍ രാജ്യത്ത് സജീവമാണെന്ന് ഖത്തര്‍ കമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്. പുതിയ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ആരംഭിക്കാന്‍ ആവശ്യമായ വണ്‍ ടൈം വെരിഫിക്കേഷന്‍ കോഡ് കൈക്കലാക്കിയാണ് ഹാക്കര്‍മാര്‍ വാട്ട്‌സ്ആപ്പ് അക്കൗണ്ടിന്റെ നിയന്ത്രണം കൈക്കലാക്കുന്നതെന്ന് സിആര്‍എ വ്യക്തമാക്കി.

എങ്ങിനെയാണ് ഹാക്കര്‍ മാര്‍ വാട്ട്ആപ്പ് ഹാക്ക് ചെയ്ത് അക്കൗണ്ട് നിയന്ത്രണത്തിലാക്കുന്നതെന്നും സിആര്‍എ വിശദീകരിച്ചു. തങ്ങളുടെ മൊബൈലില്‍ പുതുതായി വാട്ട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഫോണ്‍ നമ്പറായി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുകയാണ് ആദ്യം ചെയ്യുന്നത്. സ്വാഭാവികമായും ഉടന്‍ തന്നെ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് വാട്ട്‌സ്ആപ്പില്‍ നിന്ന് ആറ് അക്കങ്ങളുള്ള വെരിഫിക്കേഷന്‍ കോഡ് വരും. ഏതെങ്കുലം തന്ത്രമുപയോഗിച്ച് നിങ്ങളില്‍ നിന്ന് ഈ കോഡ് കൈക്കലാക്കുകയാണ് അടുത്ത പടി.

വാട്ട്ആപ്പിലെ ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കുകയാണ് ഇതിനുള്ള പരിഹാരമെന്ന് സിആര്‍എ അറിയിച്ചു. അതോടൊപ്പം ഏത് സാഹചര്യത്തിലായാലും വെരിഫിക്കേഷന്‍ കോഡ് മറ്റാര്‍ക്കും നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Top