ഖത്തര്‍ ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ; ഒക്ടോബറില്‍ നടക്കും

ദോഹ: 49ാമത് ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കും. കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി. 45 അംഗ ശൂറ കൗണ്‍സിലില്‍ 30 പേരെയാണ് വോട്ടിംഗിലൂടെ തെരഞ്ഞെടുക്കുക. 15 പേരെ അമീര്‍ നാമനിര്‍ദേശം ചെയ്യും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതിയാണ് കരട് നിയമത്തിന് രൂപം നല്‍കിയത്.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം കഴിഞ്ഞ വര്‍ഷം നവംബറിലാണ് 2021 ഒക്ടോബറില്‍ ശൂറാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടത്താനും അതിനുവേണ്ടിയുള്ള കമ്മിറ്റി രൂപീകരിക്കാനും അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവിട്ടത്. കരട് നിയമപ്രകാരം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി രാജിവയ്ക്കാതെ തന്നെ ശൂറ കൗണ്‍സിലിലേക്ക് മല്‍സരിക്കാം. മന്ത്രിമാര്‍, ജൂഡീഷ്യറി അംഗങ്ങള്‍, സൈനികര്‍, സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. അതേസമയം, തെരഞ്ഞെടുപ്പിലെ ജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി സൈനിക ഏജന്‍സികളിലെ അംഗങ്ങള്‍ക്കും വോട്ട് ചെയ്യാനുള്ള അവകാശം പുതുതായി അനുവദിച്ചിട്ടുണ്ട്.

Top