ഗാസയിൽ നാല് ദിവസത്തേക്ക് താൽക്കാലിക വെടി നിർത്തൽ; ബന്ദികളെ മോചിപ്പിക്കും

ഗാസ മുനമ്പിലെ താല്‍ക്കാലിക വെടി നിര്‍ത്തല്‍ ഇന്ന് പ്രാദേശിക സമയം രാവിലെ ഏഴ് മണിയോടെ ആരംഭിക്കുമെന്ന് ഖത്തര്‍. പതിമൂന്ന് ബന്ധികളുള്ള ആദ്യ സംഘത്തിന്റെ മോചനം ഇന്ന് വൈകിട്ട് നാല് മണിയോടെ ഉണ്ടാകും. എന്നാല്‍ കരാര്‍ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയും ഗാസയില്‍ കനത്ത വ്യോമാക്രമണങ്ങള്‍ തുടരുകയാണ്. മുനമ്പിന്റെ വടക്കു ഭാഗത്തും മധ്യ ഭാഗത്തുമാണ് ആക്രമണം രൂക്ഷം. പലസ്തീനികള്‍ക്ക് അഭയം നല്‍കുന്ന യുഎന്‍ആര്‍ഡബ്ല്യുഎ സ്‌കൂളിലും ആക്രമണങ്ങള്‍ രൂക്ഷമാണ്. പോരാട്ടം നിര്‍ത്തുന്നതിന് മുന്നോടിയായി ഇന്തോനേഷ്യന്‍ ആശുപത്രിയില്‍ തീവ്രമായ ബോംബാക്രമണം ഉണ്ടായതായി ഗാസയിലെ പലസ്തീന്‍ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റഫ് അല്‍ ഖുദ്ര പറഞ്ഞു.

കരാര്‍ പ്രകാരം വെടി നിര്‍ത്തല്‍ ആരംഭിച്ചാല്‍ ഗാസയിലേക്ക് പ്രവേശിക്കാന്‍ ഏകദേശം 1,300 ടണ്‍ ഭക്ഷ്യ വസ്തുക്കളുമായി 100 ലധികം ട്രക്കുകള്‍ തയാറാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം അറിയിച്ചിട്ടുണ്ട്. താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഒരു പ്രധാന ചുവടുവയ്പ്പ് ആണെങ്കിലും, ഒരു സമ്പൂര്‍ണ വെടിനിര്‍ത്തല്‍ മാത്രമേ ഗാസയിലെ മാനുഷിക ആവശ്യങ്ങള്‍ ശരിയായി നിറവേറ്റാന്‍ അനുവദിക്കൂവെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ മിഡില്‍ ഈസ്റ്റ് വക്താവ് അബീര്‍ എറ്റെഫ പറഞ്ഞു. 130,000 ലിറ്റര്‍ ഡീസലും നാല് ട്രക്കുകളില്‍ ഗ്യാസും നാല് ദിവസത്തെ വെടിനിര്‍ത്തലില്‍ ഗാസയിലേക്ക് ദിവസവും എത്തിക്കുമെന്ന് ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഈജിപ്ത് 75,000 ലിറ്റര്‍ ഇന്ധനം ഗാസയിലേക്ക് നല്‍കിയിരുന്നു.

ഗാസ മുനമ്പിന്റെ വടക്കും തെക്കും ഭാഗങ്ങളില്‍ താല്‍ക്കാലിക ഉടമ്പടി ബാധകമാകും. മോചിപ്പിക്കപ്പെടുന്നവരെല്ലാം സ്ത്രീകളും കുട്ടികളുമാണ്. ഗാസ മുനമ്പിലെ ഭയാനകമായ മാനുഷിക സാഹചര്യങ്ങളെ ക്കുറിച്ച് സഹായ ഏജന്‍സികള്‍ തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനാല്‍ വിവിധ തരത്തിലുള്ള സഹായങ്ങളും കരാറിന്റെ ഭാഗമായി ഗാസയിലെത്തിക്കും.

 

Top