ഖത്തറിനെതിരെ സൗദി ഉപരോധം ഏര്‍പ്പെടുത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി

ഖത്തര്‍: ഖത്തറിനെതിരെ സൗദിയും സഖ്യരാഷ്ട്രങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തീയായി. ഭീകരസംഘടനകള്‍ക്കുള്ള സഹായം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടാണ് സൗദി, ബഹ്‌റിന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. സാമ്പത്തികരംഗത്തുള്‍പ്പെടെ ഖത്തറിന് കനത്ത തിരിച്ചടിയാണ് കഴിഞ്ഞ ഒരു വര്‍ഷം സംഭവിച്ചത്.

മേഖലയില്‍ വര്‍ധിക്കുന്ന ഭീകരത തടയാന്‍ നടപടിയെടുക്കാതെ ഭീകരസംഘടനകളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സൗദി അറേബ്യ, ബഹ്‌റിന്‍, യു.എ.ഇ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ഈജിപ്റ്റും ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. അള്‍ ജസീറ ചാനലിന്റെ പ്രക്ഷേപണം നിര്‍ത്തലാക്കുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക എന്നതടക്കം പതിമൂന്ന് ആവശ്യങ്ങള്‍ സൗദി സഖ്യം മുന്നോട്ടുവെച്ചെങ്കിലും അതെല്ലാം തള്ളിയ ഖത്തര്‍ ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തു. തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിന് ഉപരോധം പ്രഖ്യാപിച്ചത്.

മേഖലയില്‍ ഒറ്റപ്പെട്ടതോടെ വ്യോമഗതാഗതം, കയറ്റിറക്കുമതി, വിനോദസഞ്ചാരമേഖല എന്നിവയിലെല്ലാം വന്‍ നഷ്ടമാണ് ഖത്തര്‍ നേരിടുന്നത്. എന്നാല്‍ നിലപാടില്‍ ഉറച്ചുനിന്ന് ആഭ്യന്തര ഉത്പ്പാദനം വര്‍ധിപ്പിക്കാനാണ് ഖത്തറിന്റെ ശ്രമം. അതേസമയം, ചെറുത്തുനില്‍ക്കാനായി റഷ്യ, അമേരിക്ക അടക്കമുള്ള ശക്തികളില്‍ നിന്നു ആയുധം വാങ്ങാനുള്ള ഖത്തറിന്റെ നീക്കമാണ് നിലവില്‍ വിവാദമായിരിക്കുന്നത്.

റഷ്യയില്‍ നിന്ന് വ്യോമ പ്രതിരോധമിസൈല്‍ വാങ്ങിയാല്‍ സൈനികനടപടി ഉണ്ടാകുമെന്നാണ് സൗദിയുടെ ഭീഷണി. ഉപരോധത്തെതുടര്‍ന്ന് ജിസിസിക്ക് നേരിട്ട തകര്‍ച്ച പരിഹാരമാകാതെ കിടക്കുന്നതാണ് ഗള്‍ഫ് മേഖലയിലെ പ്രധാന ആശങ്ക. നിലവിലെ സാഹചര്യത്തില്‍ ഖത്തറും സൗദി അറേബ്യയും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ ജിസിസി തകര്‍ച്ചയ്ക്ക് പരിഹാരം ഉടനുണ്ടാകില്ലെന്നാണ് കരുതുന്നത്.

Top