ഖത്തറിനെതിരെ ഭീഷണിയുമായി വീണ്ടും സൗദിഅറേബ്യ രംഗത്ത്

പാരിസ്: ഖത്തറിനെതിരെ ഭീഷണിയുമായി വീണ്ടും സൗദിഅറേബ്യ രംഗത്ത്. റഷ്യയില്‍ നിന്ന് മിസൈല്‍ പ്രതിരോധ സംവിധാനം സ്വീകരിച്ചാല്‍ ഖത്തറിനെതിരെ സൈനിക നടപടിയുണ്ടാകുമെന്നാണ് സൗദിയുടെ ഭീഷണി. റഷ്യയുടെ എസ്‌ 400 മിസൈല്‍ ഖത്തര്‍ വാങ്ങുന്നെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് നടപടിയെടുത്തിരിക്കുന്നത്.

ഇരു മേഖലകളിലും സമാധാനം നിലനിര്‍ത്തുന്നതിനായി ഖത്തറും റഷ്യയും തമ്മിലുള്ള ആയുധ ഇടപാട് തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് സൗദി ഭരണാധികാരി കത്ത് നല്‍കിയതായി ലീ മോണ്ടെ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.

ഇറാനില്‍ നിന്നുള്ള ഭീകരവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നെന്നാരോപിച്ച് കഴിഞ്ഞ ജൂണിലാണ് സൗദിയും സഖ്യകക്ഷികളായ ബഹ്‌റൈനും യുഎഇയും ഖത്തറുമായുള്ള ബന്ധം ഉപേക്ഷിച്ചത്. തുടര്‍ന്ന് സാമ്പത്തിക ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഖത്തറിനെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉപരോധം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, റഷ്യ പോലുള്ള വന്‍ ശക്തികളുമായി ബന്ധമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഖത്തര്‍.

ഖത്തറും റഷ്യയുമായി ആയുധ ഇടപാട് നടത്തുന്നതിന്റെ ആശങ്ക ഇമ്മാനുവല്‍ മക്രോണിന് എഴുതിയ കത്തില്‍ സല്‍മാന്‍ രാജാവ് വ്യക്തമാക്കിയിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതൊടൊപ്പം ഖത്തറിന്റെ ഭാഗത്തു നിന്ന് ഇത്തരം നീക്കമുണ്ടായാല്‍ സ്വീകരിക്കാവുന്ന പ്രതിരോധ നടപടിയും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Top