സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്താന്‍ ഖത്തര്‍

ദോഹ: കൊവിഡ് വ്യാപനം വന്‍തോതില്‍ വര്‍ധിച്ചതോടെ ഖത്തറിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നിരവധി ആരോഗ്യ പ്രവര്‍ത്തകരെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനിലും നിയോഗിക്കാന്‍ ഭരണകൂടം തീരുമാനിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ ജീവനക്കാരുടെ സേവനം ആവശ്യമായതിനാലാണ് മന്ത്രിസഭാ തീരുമാനപ്രകാരമുള്ള നടപടി.

വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഈ ജീവനക്കാരെ ഉപയോഗപ്പെടുത്തും. രാജ്യത്ത് കൊവിഡ് ബാധ കൂടിവരുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികളിലെ അടിയന്തര സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ സേവനങ്ങളും വെള്ളിയാഴ്ച്ച മുതല്‍ നിര്‍ത്തിവച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ ഒഴിവു വരുന്ന ഡോക്ടര്‍മാരെയും നഴ്‌സുമാരെയും സര്‍ക്കാര്‍ ആശുപത്രികളില്‍ നിയോഗിച്ചത്.

Top