ഈജിപ്ത് സ്വദേശികളെയെല്ലാം പുറത്താക്കി വിലക്കിന് മറുപടി നൽകാനൊരുങ്ങി ഖത്തർ ?

ദോഹ: സൗദി, ഈജിപ്ത്, യുഎഇ രാഷ്ട്രങ്ങളുടെ ഉപരോധത്തിനെതിരെ ശക്തമായി മറുപടി നല്‍കാനൊരുങ്ങി ഖത്തര്‍.

ഖത്തറിലെ ഈജിപ്തുകാരെ പുറത്താക്കുന്നതിനെ കുറിച്ചാണ് പ്രധാനമായും ഭരണകൂടം ആലോചിക്കുന്നത്.

മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ പോലെ തന്നെ ലക്ഷകണക്കിന് ഈജിപ്ത് സ്വദേശികളുണ്ട് ഖത്തറില്‍.

ഇവരില്‍ മിക്കവരും പ്രധാന ചുമതലകളിലാണ് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്ത് വരുന്നത്.

ഭീകര സംഘടനകളുമായുള്ള ബന്ധം ആരോപിച്ച് ഖത്തറിലേക്കുള്ള കര – ജല – വ്യോമ ഗതാഗതം നിരോധിച്ച അറബ് രാഷ്ട്രങ്ങളുടെ നടപടിയാണ് ഇപ്പോള്‍ അസാധാരണ സാഹചര്യത്തിലേക്ക് മേഖലയെ തള്ളിവിട്ടിരിക്കുന്നത്.

ഇതിന് ഈജിപ്തിന് കൊടുക്കുന്ന മറുപടി മറ്റുള്ളവര്‍ക്ക് പാഠമാകുമെന്ന് കണ്ടാണ് താല്‍പര്യമില്ലാഞ്ഞിട്ട് കൂടി ഇത്തരമൊരു നീക്കം ഖത്തര്‍ നടത്തുന്നത്.

ഇതിനിടെ ലോകകപ്പിനടക്കം ആഥിത്യമരുളുന്ന തരത്തിലുള്ള ഖത്തറിന്റെ വളര്‍ച്ചയിലുള്ള അസൂയയാണ് സൗദി അറേബ്യ അമേരിക്കയെയും മറ്റു അറബ് രാഷ്ട്രങ്ങളെയും ഉപയോഗപ്പെടുത്തി ഇപ്പോള്‍ നടപ്പാക്കുന്നതെന്ന ആരോപണവും ശക്തമായിട്ടുണ്ട്.

അറബ് രാഷ്ട്രങ്ങളുടെ തലപ്പത്ത് നില്‍ക്കുന്ന സൗദിയെ പോലും അമ്പരിപ്പിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ ഖത്തറിന്റെ വളര്‍ച്ച.

ബ്രിട്ടനില്‍ ഖത്തറിനുള്ള നിക്ഷേപം തന്നെ ഞെട്ടിക്കുന്നതാണ്. ഉപരോധത്തിനെതിരെ ബ്രിട്ടനും രംഗത്ത് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അങ്ങനെ വന്നാല്‍ അത് അമേരിക്കക്ക് ആകും പ്രഹരമാകുക.

ദീര്‍ഘകാലമായി അമേരിക്കന്‍ സഖ്യസേനയിലെ പ്രധാനിയാണ് ബ്രിട്ടന്‍.

ഇന്ത്യയുള്‍പ്പെടെ ലോകത്തെ മിക്ക രാജ്യങ്ങളിലേക്കും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ കയറ്റി അയക്കുന്നതും ഖത്തറില്‍ നിന്നാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രിയെ ദോഹയില്‍ സ്വീകരിക്കുന്നതിന് ചെറുപ്പക്കാരനായ ഖത്തര്‍ അമീര്‍ ഷെയ്ഖ് അമീം ബിന്‍ ഹമദ് അല്‍താനി തന്നെ നേരിട്ട് എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.

എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും വലിയ പരിഗണന നല്‍കുന്ന ഖത്തറിലെ ബര്‍വ സിറ്റിയിലെ ക്രിസ്ത്യന്‍ പളളിയും പ്രസിദ്ധമാണ്.

മഹാക്ഷേത്രം നിര്‍മിക്കുന്നതിനുള്ള സഹായങ്ങളും ഖത്തര്‍ ഇതിനകം വാഗ്ദാനം ചെയ്തിട്ടുമുണ്ട്.

സൗദിയെ പോലെ കര്‍ശന നിയന്ത്രണങ്ങളില്ലാത്ത ഈ മുസ്ലീം രാഷ്ട്രത്തില്‍ കുറ്റകൃത്യങ്ങള്‍ വളരെ കുറവാണ് എന്നതും ശ്രദ്ധേയമാണ്.

കപ്പല്‍മാര്‍ഗ്ഗം ചരക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് സൗദി അറേബ്യയുടെയും മറ്റ് അറബ് രാഷ്ട്രങ്ങളുടെയും അതിര്‍ത്തി വഴിയാണ് പ്രധാനമായും എത്തിക്കേണ്ടത് എന്നതിനാല്‍ ഈ നീക്കം സൗദി തടഞ്ഞാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകും.

അതുകൊണ്ട് തന്നെ സൗദിയുടെ നിലപാടിന് അനുസരിച്ചായിരിക്കും ഈ മേഖലയിലെ സംഘര്‍ഷാന്തരീക്ഷത്തിന് അയവ് വരിക.

ഇന്ത്യന്‍ കപ്പലുകളെ തടഞ്ഞാല്‍ കടുത്ത നടപടിയിലേക്ക് ഇന്ത്യ കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാക്ക് ഭീകര നേതാക്കള്‍ക്ക് താവളമായ രാജ്യങ്ങള്‍ തന്നെ, ഭീകര ബന്ധം ആരോപിച്ച് ഖത്തറിനു മേല്‍ ചുമത്തിയ ഉപരോധം പരിഹാസ്യമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

പാക്കിസ്ഥാനെ വിലക്കിയിട്ട് മതി ഖത്തറിനെ വിലക്കാന്‍ എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയകളിലും ഇപ്പോള്‍ വ്യാപകമാണ്.

അതേസമയം ഖത്തറിലേക്കുള്ള വിമാനങ്ങള്‍ യുഎഇക്കു മുകളിലൂടെ പറക്കുന്നതിനുളള നിയന്ത്രണം ലംഘിച്ച് പറക്കാന്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ തീരുമാനിച്ചതായ റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

ഷെഡ്യൂള്‍ പ്രകാരം തന്നെ സര്‍വീസുകള്‍ നടത്തുമെന്ന് ജെറ്റ് എയര്‍വെയ്‌സും ഇന്‍ഡിഗോയും അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തില്‍ നിന്നും സര്‍വ്വീസ് നിര്‍ത്തിവയ്ക്കണമെന്ന ഒരു ജാഗ്രതാ നിര്‍ദ്ദേശവും വിമാന കമ്പനികള്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ല.

ഖത്തറിലേക്കുള്ള ചരക്ക് കപ്പലുകളും പതിവ് പോലെ തന്നെ സര്‍വ്വീസ് നടത്തും. ഖത്തറില്‍ നിന്നും വരുന്ന കപ്പലുകള്‍ക്ക് ആവശ്യമെങ്കില്‍ സുരക്ഷ നല്‍കുന്ന കാര്യവും കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്.

Top