ഖത്തറിൽ കൊവിഡ് വ്യപനം കുറഞ്ഞു; പ്രതിദിന കേസുകള്‍ 100നു താഴെ മാത്രം

ദോഹ: കൊവിഡ് രണ്ടാം തരംഗത്തെ ഫലപ്രദമായി ചെറുത്തുനിന്ന് ഖത്തര്‍. ഇന്നലെ ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്തത് 87 പുതിയ കേസുകള്‍ മാത്രം. കൊവിഡ് വ്യാപനത്തിന്റെ തുടക്ക കാലത്തു മാത്രമാണ് ഇത്ര കുറവ് കേസുകള്‍ ഇതിനു മുമ്പ് ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2020 ഏപ്രിലിനു ശേഷം ആദ്യമായാണ് പ്രതിദിന കേസുകള്‍ 100ന് താഴേക്ക് പോകുന്നതെന്ന് ആരോഗ് മന്ത്രാലയം അറിയിച്ചു.

ശക്തമായ നിയന്ത്രണങ്ങളിലൂടെയും ഊര്‍ജ്ജിതമായ വാക്സിനേഷന്‍ ക്യാംപയിനിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാന്‍ ഖത്തറിന് സാധിച്ചതെന്നും മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 87 പുതിയ കേസുകളില്‍ 52 പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബാക്കിയുള്ള 35 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരായിരുന്നു. മെയ് 29 മുതല്‍ തന്നെ സമ്പര്‍ക്ക രോഗികളുടെ എണ്ണം ഖത്തറില്‍ 100ന് താഴെയായി കുറഞ്ഞിരകുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കൊവിഡ് മരണ നിരക്കും ശക്തമായി നിയന്ത്രിക്കാന്‍ സാധിച്ചു. ഇന്നലെ 62കാരനായ ഒരാള്‍ മാത്രമാണ് കൊവിഡ് മൂലം മരണപ്പെട്ടത്. വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് കുറേകാലമായി ചികില്‍സിക്കുന്ന വ്യക്തിയാണ് മരണപ്പെട്ടത്. ഇന്നലെ മാത്രം രാജ്യത്ത് 113 പേര്‍ രോഗമുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു.

അതേസമയം, കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം പൂര്‍ണമായി അവസാനിച്ചിട്ടില്ലെന്നതിനാലും അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസിന്റെ വകഭേദങ്ങള്‍ ഖത്തറില്‍ ഇപ്പോഴും ഉണ്ടെന്നതിനാലും ജാഗ്രത കൈവിടാന്‍ സമയമായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ദേശീയ വാക്സിനേഷന്‍ പദ്ധതിയുടെ ഭാഗമായി ഇതിനകം 30 ലക്ഷം ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 33,189 വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്.

Top