കോവിഡ് പിടിപെടാനുള്ള സാധ്യത ഉണ്ടോ? വൈറസ് ബാധ കണ്ടുപിടിക്കാനുള്ള ആപ്പുമായി ഖത്തര്‍

ദോഹ: കോവിഡ് പിടിപെടാനുള്ള സാധ്യത ഉണ്ടോ എന്നറിയാന്‍ ജനങ്ങള്‍ക്ക് സഹായകമാവുന്ന ആപ്പ് ഉടന്‍ പുറത്തിറക്കുമെന്ന് ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്മെന്റ്.രാജ്യത്തെ കോറോണ വൈറസ് ഡാറ്റാബേസുമായി ബന്ധിപ്പിച്ചാണ് ആപ്പ് പ്രവര്‍ത്തിക്കുക. ഇത് ഉടന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാവുമെന്നും ലോഞ്ച് ചെയ്താല്‍ എല്ലാവരും ഡൗണ്‍ലോഡ് ചെയ്യണമെന്നും സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്മെന്റ് വക്താവ് ലുലുവ അല്‍ ഖാത്തര്‍ ആവശ്യപ്പെട്ടു.

കോവിഡിന്റെ സമൂഹവ്യാപനം തടയുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഖത്തര്‍ ആ വികസിപ്പിച്ചെടുക്കുന്നത്.
‘ഇഹ്തിറാസ്’ എന്നാണ് ഈ മൊബൈല്‍ ആപ്ലിക്കേഷന് പേരിട്ടിരിക്കുന്നത്.ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന മുഴുവന്‍ ആളുകളെയും അവരുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവരെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഡാറ്റാബേസ് വഴിയാണ് ആപ്ലിക്കേഷന്‍റെ പ്രവര്‍ത്തനം.

ഇഹ്തിറാസ് എന്ന ആപ്പ് നാല് കളറുകള്‍ ഉപയോഗിച്ചാണ് യൂസര്‍മാരുമായി സംവദിക്കുക.പച്ച നിറമാണെങ്കില്‍ യൂസര്‍ ആരോഗ്യവാനാണ്. സംശയിക്കുന്ന കേസുകള്‍, ലക്ഷണങ്ങളുള്ളവര്‍, രോഗികളുമായി സമ്പര്‍ക്കത്തിലാവുകയും എന്നാല്‍ പരിശോധന നടത്താതിരിക്കുകയും ചെയ്തവര്‍ എന്നിവരെ സൂചിപ്പിക്കുന്ന ക്യൂആര്‍ കോഡാണ് ചാര നിറം. യൂസര്‍ ക്വാര്‍ന്റൈനില്‍ ആയിരുന്നെങ്കില്‍ മഞ്ഞ നിറമാണ് കാണിക്കുക. ചുവപ്പ് നിറമാണ് ആപ്ലിക്കേഷനില്‍ തെളിയുന്നതെങ്കില്‍ നിങ്ങള്‍ കോവിഡ് രോഗ ബാധിതനാണെന്നാണ് സൂചിപ്പിക്കുന്നത്.

വ്യക്തിയുടെ ആപ്പില്‍ ചുവപ്പ് തെളിയുന്നതോടെ അദ്ദേഹത്തിന്‍റെ ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള എല്ലാവര്‍ക്കും നിങ്ങളുടെ രോഗവിവരത്തെ കുറിച്ചുള്ള നോട്ടിഫിക്കേഷന്‍ വരും.വൈറസ് ബാധ സ്ഥിരീകരിച്ച ഒരാളുമായി ബന്ധപ്പെട്ടിരുന്നവരെ എളുപ്പത്തില്‍ കണ്ടെത്താന്‍ ആപ്പ് അധികൃതരെ സഹായിക്കും. ഇവര്‍ക്ക് വൈദ്യപരിശോധനാ കേന്ദ്രങ്ങളില്‍ മുന്‍ഗണന ലഭിക്കുമെന്നും അല്‍ഖാത്തര്‍ അറിയിച്ചു.

Top