ഖത്തര്‍ സര്‍ക്കാരിന്റെ ‘ഇഹ്തിറാസ്’ കോവിഡ് ആപ്പിന് പിന്നില്‍ കൊല്ലം സ്വദേശിയും

ദോഹ: ഖത്തര്‍ സര്‍ക്കാറിനായി കോവിഡ് ആപ്പ് ആയ ‘ഇഹ്തിറാസ്’ വികസിപ്പിച്ച സംഘത്തില്‍ മലയാളിയും. കൊല്ലം കൈതക്കുഴി സ്വദേശിയായ ആല്‍ബി ജോയ് എന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണത്. നമുക്ക് കോവിഡുണ്ടോ, അല്ലെങ്കില്‍ കോവിഡ് അരികിലുണ്ടോ എന്നറിയാന്‍ ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ആപ്പാണ് ഇഹ്തിറാസ്

മേയ് 22 മുതല്‍ ഇതില്ലാതെ ഖത്തറില്‍ ആരും പുറത്തിറങ്ങാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ലംഘിച്ചാല്‍ മൂന്നുവര്‍ഷത്തില്‍ കൂടാത്ത തടവോ രണ്ട് ലക്ഷം റിയാലില്‍ കൂടാത്ത പിഴയോ ഇതില്‍ ഏതെങ്കിലും ഒന്നോ ആയിരിക്കും ശിക്ഷ. മന്ത്രാലയത്തിന്റെ ഡാറ്റാബേസുമായി ബന്ധിപ്പിച്ച് മൊബൈലിലെ ജി.പി.എസ്, ബ്ലൂടൂത്ത് എന്നിവ ഉപയോഗിച്ചാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്.

ഫോണില്‍ ഇത് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ഉപയോക്താവിന് രോഗം സംബന്ധിച്ച് എപ്പോഴും ജാഗ്രത മുന്നറിയിപ്പ് ലഭിക്കും. ബ്ലൂടൂത്ത് സാങ്കേതിക വിദ്യയാണ് പ്രധാനമായും ഇഹ്തിറാസില്‍ ഉപയോഗിക്കുന്നതെന്ന് ആല്‍ബി പറയുന്നു. ഏപ്രില്‍ ആദ്യത്തിലാണ് ആപ്പ് വികസിപ്പിക്കാന്‍ പ്രയത്‌നം തുടങ്ങുന്നത്.

ജനങ്ങളുടെ സ്വകാര്യവിവരങ്ങള്‍ ഇതിലൂടെ ശേഖരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നമ്മുടെ ഒന്നര മീറ്റര്‍ അടുത്തുകൂടി കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഒരു കോവിഡ് രോഗി കടന്നുപോയിട്ടുണ്ടെങ്കില്‍ ഇത് സംബന്ധിച്ച ജാഗ്രതനിര്‍ദേശം ആപ്പിലൂടെ ലഭിക്കും.

കോവിഡ് പോസിറ്റീവായ രോഗി ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സിക്ക് എത്തുന്നതോടെയാണിത്. ഉടന്‍ തന്നെ അയാളുടെ അടുത്തുകൂടി ഈ ദിനങ്ങളില്‍ കടന്നുപോയ എല്ലാവര്‍ക്കും ജാഗ്രതാനിര്‍ദേശം ലഭിക്കും. അയാളുടെ ആപ്പിലെ ബാര്‍കോഡിന്റെ നിറം ചുവപ്പാവുകയും ചെയ്യും. മറ്റുള്ളവരുടെ ആപ്പിലും നിറവ്യത്യാസം വന്നിരിക്കും. ഗ്രേ ആണ് ഒരാള്‍ക്ക് കിട്ടുന്നതെങ്കില്‍ നമ്മുടെ അടുത്തുകൂടി പോയ ഏതോ ഒരാള്‍ കോവിഡ് പോസിറ്റീവ് ആണ് എന്നാണതിനര്‍ത്ഥം. ഇതോടെ നമുക്ക് ജാഗ്രത പാലിച്ച് പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിയാം. വീട്ടിലുള്ളവര്‍ക്കടക്കം രോഗം നമ്മളാല്‍ പകരില്ലെന്ന് ഇതിലൂടെ ഉറപ്പിക്കാം. അതേസമയം, ചുവപ്പ് ആണ് കളറെങ്കില്‍ നമ്മളെ ആരോഗ്യപ്രവര്‍ത്തകര്‍ ചികിത്സ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും, നമ്മളും പോസിറ്റീവ് ആയി എന്നാണര്‍ത്ഥം. ഓറഞ്ച് നിറം ആണെങ്കില്‍ നമ്മള്‍ സമ്പര്‍ക്കവിലക്കിലേക്ക് മാറും.

ഡോ. ആന്‍മേരി ജെയിംസ് ആണ് ആല്‍ബിയുടെ ഭാര്യ. മക്കള്‍: ഡാന, ജറം.

ഇഹ്തിറാസ് ആപ്പില്‍ പച്ചക്കളര്‍ ഉള്ളവര്‍ മാത്രം ഖത്തറില്‍ പുറത്തിറങ്ങുന്ന അവസ്ഥ ഉടന്‍ വരും. അതായത് ചുവപ്പ്, ഓറഞ്ച്, ഗ്രേ എന്നീ വര്‍ണങ്ങള്‍ ആപ്പില്‍ ഉള്ളവരൊന്നും പിന്നീട് രോഗം മാറുന്നതുവരെ പുറത്തിറങ്ങാന്‍ പാടില്ല. പച്ച കളര്‍ ഉള്ളവരെ മാത്രം പുറത്തിറങ്ങാന്‍ അനുവദിക്കും. ഇതോടെ കോവിഡിന്റെ സമൂഹവ്യാപനം നിലക്കുകയും പതിയേ രാജ്യം മുഴുവന്‍ കോവിഡ് മുക്തമാകുകയും ചെയ്യും.

ഉപഭോക്താവ്‌ ഒരു മാളിലോ സിനിമ തിയറ്ററിലോ കടയിലോ പോകുമ്പോള്‍ ഇഹ്തിറാസ് ആപ്പ് നോക്കിയിട്ട് പച്ച കളര്‍ ഉണ്ടെങ്കില്‍ മാത്രമേ അവിടേക്ക് പ്രവേശനം ലഭിക്കൂ. ഇതോടെ ആളുകള്‍ കൂടുന്ന ഇടങ്ങളില്‍ കോവിഡ് സംശയിക്കുന്നവര്‍ ഇല്ലാതാകുമെന്ന് ആല്‍ബി പറയുന്നു. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന ഫോണില്‍ ബ്ലൂടൂത്ത് ഓണ്‍ അല്ലെങ്കിലും നിശ്ചത സമയത്ത് അത് തനിയെ ഓണാകും. ഗൂഗിള്‍ പ്ലേ സ്േറ്റാറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാണ്. ഐ ഫോണ്‍ 6 എസിന് മുകളിലുള്ളതിലും ആന്‍ഡ്രോയ്ഡ് 5ഉം അതിന് മുകളിലുമുള്ള ഫോണുകളിലും മാത്രമേ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകൂ.

Top