വാക്സിന്‍ എടുത്തവര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി ഖത്തര്‍; പ്രതിഷേധം

ദോഹ: ഇന്ത്യ ഉള്‍പ്പെടെയുള്ള ഏതാനും ഏഷ്യന്‍ രാജ്യക്കാര്‍ക്ക് വാക്സിന്‍ എടുത്തവരാണെങ്കിലും ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം. ഇന്ത്യയ്ക്കു പുറമെ, ബംഗ്ലാദേശ്, നേപ്പാള്‍, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് 10 ദിവസത്തെ ക്വാറന്റൈന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഇന്ന് ആഗസ്റ്റ് രണ്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക. ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള വാക്സിന്‍ പൂര്‍ണമായി എടുത്തവരെ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കുമെന്നായിരുന്നു നേരത്തേ ഖത്തര്‍ ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ആറ് രാജ്യങ്ങള്‍ക്ക് ഈ ഇളവ് ബാധകമല്ലെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. ഈ രാജ്യങ്ങളില്‍ കൊവിഡിന്റെ ഡെല്‍റ്റ വകഭേദം വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഖത്തറില്‍ നിന്ന് പൂര്‍ണമായി വാക്‌സിന്‍ സ്വീകരിച്ചവരോ ഇവിടെ വച്ച് കൊവിഡ് രോഗമുക്തി നേടിയവരോ ആണെങ്കില്‍ രണ്ട് ദിവസത്തേക്കാണ് ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ക്വാറന്റൈനില്‍ കഴിയുന്ന രണ്ടാം ദിവസം പിസിആര്‍ പരിശോധന നടത്തണം.

ടെസ്റ്റ് ഫലം നെഗറ്റീവ് ആണെങ്കില്‍ അന്നു തന്നെ ക്വാറന്റൈന്‍ അവസാനിപ്പിക്കുകയും ചെയ്യാം. എന്നാല്‍ ഖത്തറിന് പുറത്ത് നിന്ന് പൂര്‍ണമായി വാക്‌സിന്‍ എടുത്തവര്‍ക്കും വാക്‌സിന്‍ എടുക്കാത്തവര്‍ക്കും കൊവിഡ് മുക്തി നേടിയവര്‍ക്കും 10 ദിവസമാണ് ഹോട്ടല്‍ ക്വാറന്റൈന്‍.

ഈ തീരുമാനത്തിനെതിരേയാണ് പ്രവാസി സമൂഹത്തില്‍ നിന്ന് പ്രതിഷേധം ഉയരുന്നത്. ഒരേ വാക്സിന്‍ സ്വീകരിച്ചവര്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് വരുമ്പോള്‍ അവര്‍ക്കിടയില്‍ ക്വാറന്റൈന്‍ കാര്യത്തില്‍ വിവേചനം കാണക്കുന്നത് ശരിയല്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് ഏഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡിന്റെ ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിച്ചതാണ് ഈ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ വ്യവസ്ഥ ചെയ്തത്.

 

 

Top