ഖത്തറില്‍ പെരുന്നാള്‍ ദിനത്തിലും നിയന്ത്രണങ്ങള്‍ തുടരും

ദോഹ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഈദുല്‍ഫിത്തര്‍ അവധിക്കാലത്തും തുടരുമെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് അല്‍ മസ്ലമാനി അറിയിച്ചു. പെരുന്നാളിനു മുമ്പ് നിലവിലെ കൊവിഡ് വ്യാപനത്തിന്റെ തോതില്‍ കാര്യമായ കുറവ് ഉണ്ടാവുമെന്ന പ്രതീക്ഷയില്ലെന്നും അതുകൊണ്ടുതന്നെ നിയന്ത്രണങ്ങള്‍ പെരുന്നാള്‍ അവധിക്കാലത്തും തുടരാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

വ്യാപനത്തോതില്‍ കാര്യമായ കുറവു വന്നാല്‍ മാത്രമേ ഘട്ടം ഘട്ടമായെങ്കിലും നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാനാവൂ. വാക്സിനെടുത്ത ആളുകളില്‍ കൊവിഡ് ബാധ കുറയുന്നതും കൊവിഡ് ബാധയുണ്ടായാല്‍ തന്നെ രോഗലക്ഷണങ്ങള്‍ അപൂര്‍വമായി മാത്രമേ പ്രകടിപ്പിക്കുന്നുള്ളൂ എന്നതും വലിയ ആശ്വാസമാണെന്നും അദ്ദേഹം വിലയിരുത്തി. രാജ്യത്തെ 80- 90 ശതമാനം ആളുകളും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിക്കുന്നതോടെ കാര്യങ്ങള്‍ പതുക്കെ സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കി.

 

Top