ഖത്തര്‍ നിയന്ത്രണം നീക്കി; ഇന്ത്യക്കാര്‍ക്കും ഫാമിലി വിസയ്ക്ക് അപേക്ഷിക്കാം

ദോഹ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് വിസ അനുവദിക്കുന്നതില്‍ കൊണ്ടുവന്ന നിയന്ത്രണം ഖത്തര്‍ നീക്കി. കുടുംബാംഗങ്ങള്‍ക്കുള്ള റസിഡന്‍സ് വിസ ആവശ്യമുള്ളവര്‍ക്ക് അതിനായി മിത്രാഷ് -2 മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അപേക്ഷിക്കാം. ആവശ്യമായ രേഖകള്‍ ആപ്പ് വഴി അപ്ലോഡ് ചെയ്യാനും അവസരമുണ്ട്.

കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ആശ്രിത വിസ അനുവദിക്കണമെന്ന ആവശ്യം പ്രവാസികള്‍ക്കിടയില്‍ ശക്തമായിരുന്നു. കൊവിഡിന്റെ തുടക്കത്തില്‍ വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പ്രാവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ ഖത്തര്‍ നിര്‍ത്തിവച്ചത്. ഈ നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.

നിലവില്‍ കുടുംബാംഗങ്ങള്‍ക്കുള്ള റസിഡന്‍സ് വിസയ്ക്ക് അപേക്ഷിക്കാനാണ് അവസരമുള്ളത്. വിസിറ്റ് വിസ അപേക്ഷകള്‍ ആരംഭിച്ചിട്ടില്ല. ഇന്ത്യയിലെ കൊവിഡ് വ്യാപനം കൂടുതല്‍ നിയന്ത്രണ വിധേമാവുന്നതിനനുസരിച്ച് സന്ദര്‍ശക വിസയും അനുവദിച്ചു തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഏതാനും ദിവസം മുമ്പ് മിത്രാഷ് ആപ്പില്‍ കുടുംബാംഗങ്ങള്‍ക്കുള്ള റെസിഡന്‍സ് വിസയ്ക്ക് അപേക്ഷിക്കാവുന്നവരുടെ കൂട്ടത്തില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് അത് പിന്‍വലിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ ഇന്ത്യക്കാര്‍ക്കും അപേക്ഷിക്കാനുള്ള സംവിധാനം ആപ്പില്‍ ലഭ്യമാണ്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഖത്തര്‍ അധികൃതര്‍ ഇതുവരെ നടത്തിയിട്ടില്ല.

Top